ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായാല്‍ സംഭവിക്കുന്നതു തന്നെയാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്: റെനി ഐലിന്‍

Update: 2020-10-25 11:56 GMT

അല്‍ ഖോബാര്‍: ഇന്ത്യ ഹിന്ദുത്വ രാഷ്ട്രമായാല്‍ എന്തല്ലാമാണോ രാജ്യത്ത് സംഭവിക്കുന്നത് അതുതന്നെയാണ് ഇപ്പോള്‍ യു പിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്നു പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനും എന്‍സിഎച്ച്ആര്‍ഒ ദേശീയ സെക്രട്ടറിയുമായ റെനി ഐലിന്‍ പറഞ്ഞു. മാധ്യമ പ്രവര്‍ത്തകനായ സിദ്ധീഖ് കാപ്പനേയും കാംപസ്ഫ്രണ്ട് നേതാക്കളായ അതീഖുറഹ്മാന്‍, മസൂദ് അഹമ്മദ് എന്നീ വിദ്യാര്‍ഥി നേതാക്കളെയും യുഎപിഎ ചുമത്തി ജയിലില്‍ അടച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അല്‍ഖോബാര്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രതിഷേധ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാഷ്ട്രീയ സാമൂഹിക മാധ്യമ രംഗത്തെ പ്രമുഖര്‍ സംബന്ധിച്ച പരിപാടിയില്‍ സംഘപരിവാറിനെതിരേ ഭിന്നിപ്പില്ലാതെ യോജിച്ച മുന്നേറ്റം മാത്രമാണ് പരിഹാരമെന്നും, ഏത് പാര്‍ട്ടിയിലാണെങ്കിലും ഇന്ത്യന്‍ പൗരനാണെങ്കില്‍ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ യോജിച്ച് മുന്നേറണമെന്നും പ്രതിഷേധ സംഗമത്തില്‍ സംസാരിച്ചവര്‍ ആവശ്യപ്പെട്ടു. ഭരണകൂടം വിദ്യാര്‍ഥികളെയും,പൗരാവകാശ-മനുഷ്യാവകാശ പ്രവര്‍ത്തകരെയും ജയിലലടച്ചപ്പോള്‍ മതേതരത്വത്തിന്റെ വക്താക്കള്‍ മൗനത്തിലായിരുന്നുവെന്നും, സിദ്ധീഖ് കാപ്പന്റെ കുടുംബത്തിന്റെ കണ്ണീരിന്റെ വില പ്രതിപക്ഷ പാര്‍ട്ടികള്‍ മനസ്സിലാക്കണമെന്നും പ്രമുഖ ആക്ടിവിസ്റ്റും സിദ്ധീഖ് കാപ്പന്‍ ഐക്യദാര്‍ഢ്യ സമിതി ജനറല്‍ കണ്‍വീനറുമായ ശ്രീജ നെയ്യാറ്റിന്‍കര പറഞ്ഞു. സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്കു നേരെ ഭരണകൂടം നടത്തുന്ന പ്രതികാര നടപടികള്‍ക്കെതിരേ പൗരസമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരാത്തത് ആശങ്കപ്പെടുത്തുന്നതും, ഹാഥ്‌റസ് സംഭവം റിപോര്‍ട്ട് ചെയ്യാന്‍ പോയ സിദ്ധീഖ് കാപ്പനെതിരെയും വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരേയുമുള്ള യുഎ പിഎ പിന്‍വലിക്കണമെന്നും പ്രതിഷേധ സംഗമം ആവശ്യപ്പെട്ടു. പരിപാടിയില്‍ അബ്ദുള്‍ നാസര്‍ ഒടുങ്ങാട് (ഇന്ത്യന്‍ സോഷ്യല്‍ ഫോറം), അബ്ദുള്‍ സലാം മാസ്റ്റര്‍ (ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം), മുഹ്‌സിന്‍ ആറ്റാശ്ശേരി (പ്രവാസി സംസ്‌കാരിക വേദി),പി എം നജീബ് (ഒ ഐ സി സി), ആലിക്കുട്ടി ഒളവട്ടൂര്‍ (കെ എം സി സി), ബെന്‍സി മോഹന്‍ (നവയുഗം), മുജീബ് കളത്തില്‍ (ദമ്മാം മീഡിയ ഫോറം), അബ്ദുള്‍ റഹീം വടകര തുടങ്ങിയവര്‍ സംസാരിച്ചു.




Similar News