ഹജ്ജ് എംബാർക്കേഷൻ സെന്റർ കരിപ്പൂരിൽ പുനസ്ഥാപിക്കണം: ഇന്ത്യൻ സോഷ്യൽ ഫോറം

റൺവേ വികസനത്തിനും കാർപ്പെറ്റിങ്ങിനും വേണ്ടി 2015 ജൂൺ മുതൽ താൽക്കാലികമെന്ന പേരിലാണ് വൈഡ് ബോഡി വിമാനങ്ങളുടെ സർവീസും ഹജ്ജ് വിമാനങ്ങളുടെ സർവീസും നിർത്തലാക്കിയത്

Update: 2020-11-12 10:50 GMT

ജിദ്ദ: കാലിക്കറ്റ് എയർപോർട്ട് നവീകരണത്തിന്റെ പേരിൽ നഷ്ടമായ ഹജ്ജ് ടെർമിനൽ സംവിധാനവും ഹജ്ജ് എംബാർക്കേഷൻ സെന്ററും കരിപ്പൂരിൽ തന്നെ പുനഃസ്ഥാപിക്കുന്നതിന് സംസ്ഥാന സർക്കാരും മറ്റു ബന്ധപ്പെട്ട അധികാരികളും നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഹജ്ജ് തീർത്ഥാടകരുള്ള മലബാർ മേഖലയിൽ വളരെ നല്ല നിലയിൽ ഓരോവർഷവും സർവീസ് നടത്തുകയും തീർത്ഥാടകർക്ക് സൗകര്യപ്രദമായ വിധം ക്യാംപ് സംഘടിപ്പിക്കുകയും ചെയ്തിരുന്ന കരിപ്പൂരിനെ തകർക്കാൻ ഒരുങ്ങിയ കുത്തകകളുടെയും ഉപജാപക സംഘങ്ങളുടെയും ഗൂഢതാൽപര്യങ്ങളാണ് വലിയ വിമാന സർവീസുകൾ നിർത്തലാക്കി ഹജ്ജ് യാത്ര പോലും കരിപ്പൂരിൽ നിന്നും കൊച്ചി എയർപോർട്ടിലേക്ക് മാറ്റിയത്.

റൺവേ വികസനത്തിനും കാർപ്പെറ്റിങ്ങിനും വേണ്ടി 2015 ജൂൺ മുതൽ താൽക്കാലികമെന്ന പേരിലാണ് വൈഡ് ബോഡി വിമാനങ്ങളുടെ സർവീസും ഹജ്ജ് വിമാനങ്ങളുടെ സർവീസും നിർത്തലാക്കിയത്. കാർപ്പെറ്റിങ്ങും മറ്റു മെയിന്റനൻസ് ജോലികളും കഴിഞ്ഞിട്ടും ഹജ്ജ് യാത്രയും മറ്റു സർവ്വീസുകളും കരിപ്പൂരിലേക്ക് തിരികെ കൊണ്ട് വരാൻ ഉത്തരവാദപ്പെട്ടവർ തയ്യാറാകാത്തത് സ്വകാര്യ വിമാനത്താവള മുതലാളിമാരുടെ താല്പര്യ സംരക്ഷണത്തിനും മലബാറിന്റെ വികസനത്തിന് തുരങ്കം വെക്കാനുമാണെന്നും യോഗം കുറ്റപ്പെടുത്തി.

അടുത്ത വർഷത്തെ ഹജ്ജ് അപേക്ഷക്കുള്ള വിജ്ഞാപനം വന്നതിന്റെ അടിസ്ഥാനത്തിൽ ഹജ്ജ് എംബാർക്കേഷൻ കരിപ്പൂരിൽ തന്നെ സംവിധാനം ചെയ്യാനുള്ള നടപടികൾക്ക് ഉത്തരവാദപ്പെട്ടവർ സന്നദ്ധരാവണമെന്നും ബന്ധപ്പെട്ട ജനപ്രതിനിധികൾ ഇക്കാര്യത്തിൽ മുൻകൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സോഷ്യൽ ഫോറം ജിദ്ദ കേരള സ്റ്റേറ്റ് കമ്മിറ്റി പ്രസിഡന്റ് ഹനീഫ കിഴിശ്ശേരി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കൊയിസ്സൻ ബീരാൻ കുട്ടി, അഷ്‌റഫ് സിവി, മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, ഫൈസൽ മമ്പാട്, ഷാഫി മലപ്പുറം, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.


Similar News