'കരിപ്പൂരിനും നീതി വേണം' ഐസിഎഫ് കാംപയിൻ സംഘടിപ്പിക്കും

മലബാറിന്റെ വികസനത്തിനും അഭിമാനത്തിനും തിളക്കം വര്‍ധിപ്പിച്ച കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തന മികവിൽ രാജ്യത്തെ മറ്റു എയർപോർട്ടുകളിൽ മുന്നിലാണ്.

Update: 2020-09-08 09:37 GMT

മക്ക: പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കങ്ങളെ ചെറുക്കുമെന്ന് ഐസിഎഫ് ഗൾഫ് കൗൺസിൽ അറിയിച്ചു. ഇതിന്റെ ഭാഗമായി വിവിധ സമര പരിപാടികൾക്ക് ഐസിഎഫ് നേതൃത്വം നൽകും. പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ പ്രധാന എയര്‍പോർട്ടായ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും വലിയ വിമാനങ്ങള്‍ക്കിറങ്ങാനുള്ള അനുമതി അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് സമര പരിപാടികൾ നടക്കുക.

മലബാറിന്റെ വികസനത്തിനും അഭിമാനത്തിനും തിളക്കം വര്‍ധിപ്പിച്ച കരിപ്പൂര്‍ വിമാനത്താവളം പ്രവര്‍ത്തന മികവിൽ രാജ്യത്തെ മറ്റു എയർപോർട്ടുകളിൽ മുന്നിലാണ്. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഗള്‍ഫ് നാടുകളില്‍ ജോലി ചെയ്യുന്നത് കരിപ്പൂരിന്റെ പരിസര ജില്ലകളില്‍ നിന്നാണെന്നത് ഈ എയർപോർട്ടിന്റെ പ്രാധാന്യവും പ്രസക്തിയും വര്‍ധിപ്പിക്കുന്ന കാര്യമാണ്. എന്നാൽ കാലാകാലങ്ങളിലായി കരിപ്പൂർ എയര്‍പോര്‍ട്ടിനെ തകർക്കാൻ വിവിധ തലങ്ങളിൽ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു. അടുത്തിടെ നടന്ന അപകടത്തിന്റെ മറവിൽ വിമാനത്താവളത്തിന്റെ അസൗകര്യങ്ങളെക്കുറിച്ചുള്ള ഇല്ലാക്കഥകള്‍ പ്രചരിപ്പിക്കുകയാണ്. ഇത്തരം കാര്യങ്ങൾ സമൂഹമധ്യത്തിൽ തുറന്നുകാണിക്കാനും അധികൃതരുടെ കണ്ണുതുറപ്പിക്കാനുമാണ് ഐസിഎഫ് സമര പരിപാടികളിലൂടെ ശ്രമിക്കുക.

സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണം, പേർസണൽ കാംപയിൻ, ഓൺലൈൻ പ്രൊട്ടസ്ററ് വാൾ, കേന്ദ്ര സര്‍ക്കാറിന് ഒരു ലക്ഷം ഇമെയില്‍ സന്ദേശം അയക്കൽ, എല്ലാ ഗൾഫ് രാജ്യങ്ങളിലും "സേവ് കരിപ്പൂർ മൂവ്" തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടക്കും. ഐസിഎഫ് ഗൾഫ് കൗൺസിൽ യോഗത്തിൽ സയ്യിദ് ആറ്റക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു. സയ്യിദ് ഹബീബ് തങ്ങൾ, മുജീബ് എആർ നഗർ, ബശീർ എറണാകുളം, മമ്പാട് അബ്ദുൽ അസീസ് സഖാഫി, ഹമീദ് ഈശ്വരമംഗലം, ബസ്വീർ സഖാഫി പുന്നക്കാട്, ശരീഫ് കാരശ്ശേരി, ഹമീദ് പരപ്പ, കരീം ഹാജി, മേമുണ്ട, ലത്തീഫ് സഖാഫി കോട്ടുമല, ബശീർ പുത്തൂപ്പാടം, നിസാർ സഖാഫി, മുഹമ്മദ് റാസിഖ്, അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര, എം സി കരീം ഹാജി, ഉസ്മാൻ സഖാഫി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

Similar News