കുവൈത്തിൽ തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്നവർക്ക് രാജ്യത്തിനു പുറത്തു പോകാൻ അനുമതി
37.5 ഡിഗ്രി സെൽഷ്യസിൽ അധികം ശരീര താപനില രേഖപ്പെടുത്തുന്നവരെ വിമാനതാവളത്തിനു അകത്തേക്ക് പ്രവേശിപ്പിക്കില്ല
കുവൈത്ത് സിറ്റി: കുവൈത്തിൽ വിദേശത്ത് നിന്നും തിരിച്ചെത്തി ക്വാറന്റൈനിൽ കഴിയുന്നവർക്ക് ഈ കാലയളവിൽ വീണ്ടും രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാൻ തടസ്സങ്ങളില്ല. ഇത് സംബന്ധിച്ച് നിലനിൽക്കുന്ന ആശയ കുഴപ്പത്തെ തുടർന്നാണു സിവിൽ വ്യോമയാന അധികൃതർ നിലപാട് വ്യക്തമാക്കിയത്.
ഇത് അനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും എത്തി 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയുന്നതിനിടെ ആവശ്യമെങ്കിൽ വീണ്ടും രാജ്യത്തിനു പുറത്തേക്ക് യാത്ര ചെയ്യാൻ അനുവദിക്കും. എന്നാൽ ഇവർക്ക് കൊറോണ വൈറസ് രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പു വരുത്തുന്നതോടൊപ്പം, വിമാന താവളത്തിൽ പിസിആർ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
അതേസമയം വിമാനത്താവള കെട്ടിടത്തിൽ പ്രവേശിക്കുന്ന എല്ലാവരെയും ശരീര താപനില പരിശോധനക്ക് വിധേയരാക്കും. 37.5 ഡിഗ്രി സെൽഷ്യസിൽ അധികം ശരീര താപനില രേഖപ്പെടുത്തുന്നവരെ വിമാനതാവളത്തിനു അകത്തേക്ക് പ്രവേശിപ്പിക്കില്ല. വിമാനതാവളത്തിൽ എത്തുന്ന എല്ലാവരും ഫേസ് മാസ്ക്, കയ്യുറകൾ മുതലായവ ധരിക്കുന്നുവെന്ന് ഉറപ്പ് വരുത്തുന്നതായിരിക്കും. പ്രവേശന നിരോധിത രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മറ്റൊരു രാജ്യം ഇടത്താവളമാക്കി 14 ദിവസത്തിനു ശേഷം രാജ്യത്ത് പ്രവേശിക്കാവുന്നതാണു. നിലവിൽ ഇതിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്നും സിവിൽ വ്യോമയാന അധികൃതർ വ്യക്തമാക്കി.