കുവൈത്ത് പാർലമന്റ് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു; മൽസരിച്ച 29 വനിതകളും തോറ്റു
43 സിറ്റിങ് എംപിമാരാണ് ഇത്തവണ ജനവിധി തേടിയത്. ഇവരിൽ 24 പേർ പരാജയപ്പെടുകയും 19 പേർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു
കുവൈത്ത് സിറ്റി: കുവൈത്ത് പാർലമന്റ് തിരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. 5 മണ്ഡലങ്ങളിൽ ആയി നടന്ന തിരഞ്ഞെടുപ്പിൽ 66 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. ഒന്നും രണ്ടും മൂന്നും മണ്ഡലങ്ങളിൽ 70 ശതമാനം വീതം പോളിങ് രേഖപെടുത്തിയപ്പോൾ നാലും അഞ്ചും മണ്ഡലങ്ങളിൽ 60 ശതമാനം വീതമാണ് പോളിങ് രേഖപ്പെടുത്തിയത്.
ഇസ്ലാമിസ്റ്റുകൾക്കും ഗോത്ര വർഗ്ഗ വിഭാഗങ്ങൾക്കും മേൽക്കൈ ലഭിച്ചതായാണ് തിരഞ്ഞെടുപ്പ് ഫലം സൂചിപ്പികുന്നത്. മൽസരിച്ച 29 വനിതകളിൽ ആരും തന്നെ വിജയിച്ചില്ല. ഏക സിറ്റിങ് വനിതാ എംപിയായ സഫാ അൽ ഹാഷിം മൂന്നാം മണ്ഡലത്തിൽ കനത്ത പരാജയം നേരിട്ടു. ഈ മന്ത്രിസഭയിലെ തിരഞ്ഞെടുക്കപ്പെട്ട ഏക പാർലമന്റ് അംഗവും വാർത്താ വിതരണ പ്രക്ഷേപണ മന്ത്രിയും ആയിരുന്ന മുഹമ്മദ് അൽ ജുബൈറും മൂന്നാം മണ്ഠലത്തിൽ നിന്നും പരാജയപ്പെട്ടു.
43 സിറ്റിങ് എംപിമാരാണ് ഇത്തവണ ജനവിധി തേടിയത്. ഇവരിൽ 24 പേർ പരാജയപ്പെടുകയും 19 പേർ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. സ്പീക്കർ മർസ്സൂഖ് അൽ ഘാനം രണ്ടാം മണ്ഡലത്തിൽ നിന്ന് ഏറ്റവും അധികം വോട്ടുകൾ നേടി വിജയിച്ചു. ഉസാമ അൽ ഷാഹീൻ, ഹസൻ അൽ ജൗഹർ, ഖലീൽ അൽ സാലെഹ്, അദ്‌നാൻ അബ്ദു സമദ്, ഈസ അൽ കന്ദറി, മുബാറക് ഹജറഫ്, അബ്ദുൽ കരീം അൽ കന്ദറി, ഉസാമ അൽ മുനവ്വർ തുടങ്ങിയവരാണ് വിജയികളിൽ പ്രമുഖർ.
ഏറ്റവും അധികം വോട്ടുകൾ നേടി വിജയിച്ചത് അഞ്ചാം മണ്ഡലത്തിൽ നിന്നുള്ള ഹംദാൻ സാലിം അൽ ആസ്മിയാണു. 8387 വോട്ടുകളാണു ഇദ്ദേഹം കരസ്ഥമാക്കിയത്. ഒന്നാം മണ്ഠലത്തിൽ നിന്നും വിജയിച്ച ഉസാമ അൽ ഷാഹീനാണു ഏറ്റവും കുറഞ്ഞ വോട്ടുകൾ നേടി വിജയിച്ച സ്ഥാനാർത്ഥി. 2167 വോട്ടുകളാണു ഇദ്ദേഹത്തിനു ലഭിച്ചത്.
കൊവിഡ് പശ്ചാത്തലത്തിൽ കനത്ത ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചു കൊണ്ടാണു ഇത്തവണ തിരഞ്ഞെടുപ്പ് നടന്നത്. അഞ്ചു മണ്ഡലങ്ങളിലായി 567694 വോട്ടർ മാരാണുള്ളത്. 29 വനിതകൾ അടക്കം 326 സ്ഥാനാർത്ഥികളാണു മൽസര രംഗത്ത് ഉണ്ടായിരുന്നത്. ഓരോ മണ്ഠലത്തിൽ നിന്നും ഏറ്റവും അധികം വോട്ടുകൾ ലഭിക്കുന്ന പത്ത് സ്ഥാനാർത്ഥികളെയാണു വിജയികളായി പ്രഖ്യാപിക്കുക. ആദ്യ ഫലങ്ങൾ ഇന്ന് പുലർച്ചയോടെ പുറത്ത് വന്നിരുന്നു. മൂന്നാം മണ്ഡലത്തിൽ വോട്ടെണ്ണലിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ഫല പ്രഖ്യാനം ഏറെ വൈകി.