മാനന്തവാടി മണ്ഡലം; ബബിത ശ്രീനുവിന്റെ വിജയത്തിനായി പ്രവർത്തിക്കും: ഇന്ത്യൻ സോഷ്യൽ ഫോറം

ഇരു മുന്നണികളും അടവുനയങ്ങളുമായി ജനങ്ങളെ വഞ്ചിക്കുകയാണന്നും, ഫാഷിസ്റ്റു കടന്നു കയറ്റം ചെറുക്കാൻ മുഖ്യധാരാ മുന്നണികൾക്ക് വ്യവസ്ഥാപിതമായ ഒരു നിലപാടുമില്ലെന്നും കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ, കേരള സ്റ്റേറ്റ് സെക്രട്ടറി, കുഞ്ഞിക്കോയ താനൂർ പറഞ്ഞു.

Update: 2021-04-03 01:56 GMT

ജിദ്ദ: ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദൽ എന്ന മുദ്രവാക്യമുയർത്തി നിയമസഭാ തിരഞ്ഞെടുപ്പിൽ മാനന്തവാടി മണ്ഡലം എസ്‌ഡിപിഐ സ്ഥാനാർത്ഥിയായ ബബിത ശ്രീനുവിൻ്റെ വിജയത്തിനായി രംഗത്തിങ്ങണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി മാനന്തവാടി മണ്ഡലം ഓൺലൈൻ കൺവെൻഷൻ ആഹ്വാനം ചെയ്തു.

ഇരു മുന്നണികളും അടവുനയങ്ങളുമായി ജനങ്ങളെ വഞ്ചിക്കുകയാണന്നും, ഫാഷിസ്റ്റു കടന്നു കയറ്റം ചെറുക്കാൻ മുഖ്യധാരാ മുന്നണികൾക്ക് വ്യവസ്ഥാപിതമായ ഒരു നിലപാടുമില്ലെന്നും കൺവെൻഷൻ ഉദ്‌ഘാടനം ചെയ്ത് ഇന്ത്യൻ സോഷ്യൽ ഫോറം ജുബൈൽ, കേരള സ്റ്റേറ്റ് സെക്രട്ടറി, കുഞ്ഞിക്കോയ താനൂർ പറഞ്ഞു.

മനുവാദ സിദ്ധാന്തക്കാർ ഹിന്ദുത്വരാഷ്ട്രം പണിയാനും രാജ്യത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ സ്വത്വത്തെ ചോദ്യം ചെയ്ത് കലാപഭൂമിയാക്കാൻ പരിശ്രമിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. ആർഎസ്എസ്സിന്റെ നാഗ്പൂർ അജണ്ടക്കനുസരിച്ചുള്ള മോഡി സർക്കാരിന്റെ മനുഷ്യത്വരഹിതമായ നയങ്ങൾക്കെതിരെ ജനാധിപത്യവും മതേതരത്വവും ആഗ്രഹിക്കുന്ന പൊതുസമൂഹം ഒന്നിക്കേണ്ട സാഹചര്യം അനിവാര്യമായിരിക്കുകയാണെന്നും കുഞ്ഞിക്കോയ ചൂണ്ടിക്കാട്ടി.

എസ്ഡിപിഐ വയനാട് ജില്ലാ പ്രസിഡന്റ് നാസർ ടി സംസാരിച്ചു. മാനന്തവാടി മണ്ഡലത്തിന്റെ യഥാർത്ഥ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാൻ ഇരു മുന്നണികളും തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. വയനാട് ജില്ലയോട് ഭരണകൂടങ്ങൾ എക്കാലത്തും കബളിപ്പിക്കൽ രാഷ്ട്രീയമാണ് വെച്ചുപുലർത്തിയിട്ടുള്ളത്. യുഡിഎഫ് ഭരണകാലത്ത് തുരങ്കപ്പാതയുടെ ഉദ്ഘാടന നാടകം നടത്തി ജനങ്ങളെ കബളിപ്പിച്ചതു പോലെ ഒരു ജില്ലാ ആശുപത്രിയുടെ സൗകര്യം പോലുമില്ലാത്തിടത്ത് മെഡിക്കൽ കോളജ് എന്ന് ബോർഡ് വെച്ചാണ് ഇടതു സർക്കാർ രാഷ്ട്രീയം കളിക്കുന്നത്.

മണ്ഡലത്തിലെ ജനമനസ്സ് അറിഞ്ഞു കൊണ്ടും സമഗ്ര വികസനത്തിനും വേണ്ടി പ്രവർത്തിക്കാൻ മണ്ഡലത്തിൽ തന്നെയുണ്ടാകുമെന്ന് ബബിത ശ്രീനു ഉറപ്പു നൽകി. വരുന്ന തെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സാരഥിയായ തന്നെ വോട്ടു ചെയ്തു വിജയിപ്പിക്കണമെന്നും അതിനു വേണ്ടി പ്രവാസി സുഹൃത്തുക്കളുടെ പൂർണ്ണ സഹകരണമുണ്ടാവണമെന്നും ബബിത ശ്രീനു അഭ്യർഥിച്ചു.

എസ്ഡിപിഐ ജില്ലാ സെക്രട്ടറി ഫസൽ വയനാട്, യൂസുഫ് വയനാട്, നൗഫൽ പഞ്ചാരക്കൊല്ലി, സെയ്ദ് മേത്തർ (സോഷ്യൽ ഫോറം,ജുബൈൽ ) എന്നിവർ ആശംസകളർപ്പിച്ചു. സോഷ്യൽ ഫോറം ജുബൈൽ ബ്ലോക്ക് സെക്രട്ടറി ഇസ്മായിൽ വയനാട് സ്വാഗതവും, ആഷിഖ് മേപ്പാടി (ജിദ്ദ,) നന്ദിയും പറഞ്ഞു.

Similar News