ജിജിഐ ടാലെന്റ് ലാബ് പ്രതിഭകളെ ആദരിച്ചു

Update: 2021-01-12 11:49 GMT

ജിദ്ദ: ഗുഡ് വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) സംഘടിപ്പിച്ച മാധ്യമ ശില്‍പശാല (ടാലെന്റ് ലാബ് 2019) യോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ റിപ്പോര്‍ട്ടിംഗ് മത്സരത്തിലെ വിജയികളെയും മികവ് പുലര്‍ത്തിയവരെയും ആദരിച്ചു. സീസണ്‍സ് റെസ്‌റ്റോറന്റില്‍ നടന്ന ചടങ്ങില്‍ ആക്ടിംഗ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വൈ. സാബിര്‍ മുഖ്യാതിഥിയായിരുന്നു. മക്ക ഉമ്മുല്‍ ഖുറാ യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റ് പ്രൊഫസറും എഴുത്തുകാരിയുമായ ഡോ. ഗദീര്‍ തലാല്‍ മലൈബാരി 'എനിക്ക് കഴിയും; ഞാന്‍ ചെയ്യും' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.


ജിജിഐ പ്രസിഡന്റ് ഡോ. ഇസ്മായില്‍ മരിതേരി അധ്യക്ഷത വഹിച്ചു. സൗദി ഗസറ്റ് എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രാംനാരായണ്‍ അയ്യര്‍, അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡന്റ് മുഹമ്മദ് ആലുങ്ങല്‍, ജിദ്ദ നാഷണല്‍ ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍ വി.പി അലി മുഹമ്മദ് അലി, മത്സര വിജയികളായ അര്‍പണ മെലാനി, സ്‌നേഹ സാറ (ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍), ആയിഷാ അഹമ്മദ്, മറിയം സയ്യിദ് ഖ്വാജ (ജിദ്ദ ദല്‍ഹി പബ്ലിക് സ്‌കൂള്‍), സായി ശക്തി (അല്‍റദ് വ ഇന്‍ര്‍നാഷണല്‍ സ്‌കൂള്‍, യാമ്പു) എന്നിവര്‍ പ്രസംഗിച്ചു.

അഞ്ച് വിജയികള്‍ക്കു ഉപഹാരവും സര്‍ട്ടിഫിക്കറ്റുകളും വൈ. സാബിര്‍ വിതരണം ചെയ്തു. റിഹേലി പോളിക്ലിനിക് ഡയറക്ടര്‍മാരായ അബ്ദുല്‍ റസാഖ്, ഷാജഹാന്‍ എന്നിവരും മറ്റ് അതിഥികളും മികവ് പുലര്‍ത്തിയ 33 വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമ്മാനിച്ചു. പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ജിജിഐ അംഗം അബ്ദുറഹ്മാന്‍ കാളമ്പ്രാട്ടിലിന് ഉപഹാരം നല്‍കി. നൗഫല്‍ പാലക്കോത്തും കബീര്‍ കൊണ്ടോട്ടിയും ചടങ്ങിന്റെ ഏകോപനം നിര്‍വഹിച്ചു.

ജിജിഐ ജനറല്‍ സെക്രട്ടറി ഹസന്‍ ചെറൂപ്പ സ്വാഗതവും ട്രഷറര്‍ പി.വി ഹസന്‍ സിദ്ദീഖ് ബാബു നന്ദിയും പറഞ്ഞു. സഹല്‍ കാളമ്പ്രാട്ടില്‍ ഖിറാഅത്ത് നടത്തി. അഷ്‌റഫ് പട്ടത്തില്‍, മന്‍സൂര്‍ വണ്ടൂര്‍, നൗഷാദ് ചാത്തല്ലൂര്‍, ബിജുരാജ് രാമന്തളി, അനുപമ, ശബ്‌ന കബീര്‍ തുടങ്ങിയവര്‍ ചടങ്ങ് നിയന്ത്രിച്ചു.

Similar News