കൂടക്കടവത്ത് അബ്ദുല്‍ കരീം മൗലവി നിര്യാതനായി
ഫറോക്ക് റൗദത്തുല്‍ ഉലൂമിലും ഖത്തര്‍ മഅഹദുദ്ദീനിയിലും പഠിച്ച അബ്ദുല്‍ കരീം മൗലവി അനേക വര്‍ഷം ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്തിരുന്നു.
ദോഹ: പണ്ഡിതനും ദീര്‍ഘകാലം ഖത്തറില്‍ പ്രവാസിയുമായിരുന്ന കൂടക്കടവത്ത് അബ്ദുല്‍ കരീം മൗലവി (70) നിര്യാതനായി. ഇന്ന് രാവിലെയായിരുന്നു അന്ത്യം. അനേക വര്‍ഷങ്ങള്‍ ഖത്തര്‍ മലയാളി സമൂഹത്തിനു മതപരമായ ദിശാബോധം നല്‍കുകയും നിരവധി പള്ളി മിംബറുകളെ സജീവമാക്കുകയും ചെയ്ത അബ്ദുല്‍ കരീം മൗലവി പണ്ഡിതനും സ്വാതന്ത്ര്യ സമര പോരാളിയുമായ അബ്ദുല്ല കുട്ടി മൗലവിയുടെ മകനാണ്. മയ്യിത്ത് നിസ്‌ക്കാരം ഇന്ന് വൈകുന്നേരം നാല് മണിക്ക് കുറ്റിയാടി ജുമാ മസ്ജിദില്‍.
ഫറോക്ക് റൗദത്തുല്‍ ഉലൂമിലും ഖത്തര്‍ മഅഹദുദ്ദീനിയിലും പഠിച്ച അദ്ദേഹം അനേക വര്‍ഷം ആഭ്യന്തര മന്ത്രാലയം പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ജോലി ചെയ്തിരുന്നു. നഗര മധ്യത്തിലെ തുര്‍ക്കി പള്ളി, ദോഹ ജദീദ് മസ്ജിദ് അടക്കം അനേകം പള്ളികളിലും താമസ സ്ഥലങ്ങളിലും അദ്ദേഹം നടത്തിയ ക്ലാസുകള്‍ വഴി നിരവധി പേര്‍ക്കു മതപരമായ അവബോധം ഉണ്ടായി. ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്റെ സജീവ നേതാവ് ആയിരുന്ന അദ്ദേഹം നാട്ടിലും പ്രബോധന രംഗത്ത് സജീവമായിരുന്നു.
ഭാര്യ: സുലൈഖ (ആയഞ്ചേരി). മക്കള്‍: ഡോ. സമീറ, ഡോ. സലീമ, ഡോ. സഹല, സന, അബ്ദുല്ല. മരുമക്കള്‍: ഡോ. ഇബ്രാഹിം, ഡോ. മുഹമ്മദ് അറഫാത്ത്, സിബഹത്തുല്ലാഹ്, സബാഹ്.
സഹോദരങ്ങള്‍: സൈനുദ്ധീന്‍ മാസ്റ്റര്‍ (പരേതന്‍), റഹീം മൗലവി, മഹമൂദ് മാസ്റ്റര്‍, ഹമീദ് ശര്‍വാനി (പരേതന്‍), അബ്ദുല്‍ മജീദ്, അബ്ദുല്‍ ജലീല്‍, നൂറുദ്ദീന്‍, ഖദീജ (വാഴക്കാട്), കുഞ്ഞിമ്മറിയം, നഫീസ, റുഖിയ്യ, ശരീഫ.