കാനഡയില്‍ വാഹനാപകടം: ഇന്ത്യക്കാരായ അഞ്ചു വിദ്യാര്‍ഥികള്‍ മരിച്ചു, രണ്ട് പേര്‍ക്കു പരിക്ക്
ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ സംഘം അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നുണ്ട്.
ഒട്ടാവ: ശനിയാഴ്ച കാനഡയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. അപകടത്തില്‍പ്പെട്ട മറ്റു രണ്ടു വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്ന് കാനഡയിലെ ഇന്ത്യന്‍ കമ്മീഷണര്‍ അജയ് ബിസാരിയ അറിയിച്ചു.
മാര്‍ച്ച് 13ന് ടൊറന്റോയ്ക്ക് സമീപമായിരുന്നു അപകടം. ടൊറന്റോയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുടെ സംഘം അപകടത്തില്‍പ്പെട്ടവരുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നുണ്ട്. മരണപ്പെട്ടവരുടെ കുടുംബങ്ങളോട് അജയ് ബിസാരിയ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി.
അപകടത്തില്‍ മരിച്ച അഞ്ച് പേരും പഞ്ചാബ് സ്വദേശികളാണെന്നാണ് റിപോര്‍ട്ട്. ഹര്‍പ്രീത് സിംഗ്, ജസ്പീന്ദര്‍ സിംഗ്, കരണ്‍പാല്‍ സിംഗ്, മോഹിത് ചൗഹാന്‍, പവന്‍ കുമാര്‍ എന്നിവരെയാണ് മരിച്ച വിദ്യാര്‍ത്ഥികളെ തിരിച്ചറിഞ്ഞതെന്ന് ക്വിന്റേ വെസ്റ്റ് ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലിസ് അറിയിച്ചു.
ശനിയാഴ്ച പുലര്‍ച്ചെ ഹൈവേ 401ല്‍ പാസഞ്ചര്‍ വാനില്‍ പടിഞ്ഞാറോട്ട് പോവുകയായിരുന്ന ഇവര്‍ പുലര്‍ച്ചെ 3.45ഓടെ ട്രാക്ടര്‍ ട്രെയിലറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് പോലിസ് അറിയിച്ചു.