മഹാ വിപത്തിനെതിരേ ക്ഷമയും സാഹോദര്യവും പ്രാര്‍ഥനയും ആയുധമാക്കുക: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രാദേശിക തലങ്ങളില്‍ ഹെല്‍പ് ഡസ്‌കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്

Update: 2020-03-31 17:25 GMT

ദമ്മാം: മാനവരാശിയെ ഭയപ്പെടുത്തി മുന്നേറുന്ന 'കൊവിഡ് 19' എന്ന വിപത്തിനെതിരേ ക്ഷമയും സാഹോദര്യവും പ്രാര്‍ഥനയും ആയുധമാക്കി പോരാടാന്‍ പ്രവാസി സമൂഹം തയ്യാറാവണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി അഭ്യര്‍ഥിച്ചു. കൊറോണ വൈറസിനെ പിടിച്ചുകെട്ടാനുള്ള സൗദി സര്‍ക്കാരിന്റെ ശക്തമായ നടപടികളില്‍ പ്രതീക്ഷയുണ്ട്. കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയമ നടപടികളില്‍ പൂര്‍ണമായി സഹകരിച്ചും, വ്യക്തി ശുചിത്വം, സാമൂഹിക അകലം എന്നിവ പാലിച്ചും മാതൃകാ പ്രവാസികളായി നിലകൊള്ളാന്‍ മലയാളി സമൂഹത്തോട് അഭ്യര്‍ത്ഥിക്കുന്നു. നിയന്ത്രണങ്ങളുടെ ഭാഗമായി ജോലിയും വരുമാനവും പ്രതിസന്ധിയിലായത് മൂലം കഷ്ടപ്പെടുന്നവരെ കണ്ടെത്താനും സഹായിക്കാനും ഓരോരുത്തരും ജാഗ്രത പുലര്‍ത്തണം. ഇത്തരക്കാരെ സഹായിക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രാദേശിക തലങ്ങളില്‍ ഹെല്‍പ് ഡസ്‌കുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ നിയന്ത്രണങ്ങളും ഒറ്റപ്പെടലുകളും അനിശ്ചിതത്വവും കാരണം മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവര്‍ക്കായി ഓണ്‍ലൈന്‍ കൗണ്‍സിലിങും ഫോറം ആരംഭിച്ചിട്ടുണ്ട്. സൗദി ഭരണകൂടം പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റി പ്രചരിപ്പിക്കാനായി സോഷ്യല്‍ മീഡിയ ടീം പ്രവര്‍ത്തിച്ചുവരുന്നു. വീട്ടിലോ ക്യാംപിലോ കഴിയുന്നവര്‍ വെറുതെ സമയം പാഴാക്കാതെ, ലഘു വ്യായാമങ്ങള്‍, വായന, മറ്റ് മാനസിക ഉന്മേഷം ലഭിക്കുന്ന പരിപാടികള്‍ എന്നിവയിലൂടെ മാനസിക-ശാരീരിക ആരോഗ്യത്തിനായി ശ്രമിക്കണം.

    സ്വദേശിവല്‍ക്കരണം മൂലം നേരത്തേ തന്നെ പ്രതിസന്ധിയിലായ സൗദിയുള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികകള്‍ക്ക് ഇപ്പോഴത്തെ മഹാമാരി കനത്ത ആഘാതമായി മാറിയിട്ടുണ്ട്. പലര്‍ക്കും ജോലിയും ശമ്പളവും നിലക്കുകയും മറ്റുള്ളവര്‍ക്ക് പുറത്തുപോയി നാട്ടിലേക്ക് പണം അയക്കാന്‍ സാധിക്കാത്ത സാഹചര്യവുമുണ്ട്. ഇത് കണക്കിലെടുത്ത് പ്രവാസി കുടുംബങ്ങളില്‍ സൗജന്യ റേഷനുള്‍പ്പെടെയുള്ള സഹായങ്ങള്‍ എത്തിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് സോഷ്യല്‍ ഫോറം അഭ്യര്‍ത്ഥിക്കുന്നു. അതോടൊപ്പം ഒറ്റപ്പെട്ട ചില പ്രവാസികളുടെ അവിവേക നടപടികള്‍ മുന്‍നിര്‍ത്തി മൊത്തം പ്രവാസികളെ അധിക്ഷേപിക്കുന്നതില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണം. വിഡിയോ കോണ്‍ഫ്രന്‍സ് വഴി ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗം സെന്‍ട്രല്‍ കമിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി മുബാറക്ക് ഫറോക്ക് നിയന്ത്രിച്ചു. മന്‍സൂര്‍ എടക്കാട്, അഹമ്മദ് യൂസുഫ്, കുഞ്ഞിക്കോയ, നാസര്‍ ഒടുങ്ങാട്, സുബൈര്‍ നാറാത്ത്, അനീസ് ബാബു, അബ്ദുസ്സലാം സംസാരിച്ചു.




Tags:    

Similar News