സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുമെന്ന് റിപോർട്ട്
ഗൾഫ് അറബ് രാജ്യങ്ങളിലെ വിദേശ ജോലിക്കാർക്ക് പതിറ്റാണ്ടുകളായി ബാധകമാകുന്ന “കഫാല” സമ്പ്രദായം കരാർ അടിമത്തത്തിന്റെ രൂപമാണെന്ന് വിമർശിക്കപ്പെടുന്നു
റിയാദ്: സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കമുള്ളതായി റിപോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. വിദേശ തൊഴിലാളികളും തൊഴിലുടമകളും തമ്മിലുള്ള തൊഴിൽ കരാർ ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതി അടുത്തയാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പ്രഖ്യാപിക്കും.
സൗദിയിൽ സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്ന പദ്ധതിയാണ് മന്ത്രാലയം പ്രഖ്യാപിക്കുക എന്നാണ് വിവരം. പുതിയ പദ്ധതി അടുത്ത വർഷം ആദ്യ പകുതിയിൽ നടപ്പാക്കും. ഏഴു ദശകത്തിനു ശേഷമാണ് സ്‌പോൺസർഷിപ്പ് നിയമം സൗദിയിൽ എടുത്തുകളയുന്നത്. സൗദിയിലെ ഒരു കോടിയോളം വരുന്ന വിദേശ തൊഴിലാളികൾക്ക് പുതിയ നിയമത്തിന്റെ പ്രയോജനം ലഭിക്കും. 2021 ന്റെ ആദ്യ പകുതി മുതൽ ഇത് ബാധകമാകുമെന്നാണ് റിപോർട്ടുകൾ.
വിദേശ തൊഴിലാളികളുടെ ജീവിത ഗുണമേന്മ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പദ്ധതികളുടെ ഭാഗമായാണ് സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്ന പദ്ധതി നടപ്പാക്കുന്നത്. വിദേശ തൊഴിലാളികളുടെ താമസം, വിനോദം അടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളും നടപ്പാക്കാൻ നീക്കമുണ്ട്. സ്‌പോൺസർഷിപ്പ് നിയമം റദ്ദാക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ചൊവ്വാഴ്ച്ച പ്രഖ്യാപിക്കാനിരുന്നതാണ്.
എന്നാൽ ഇത് അടുത്തയാഴ്ചയിലേക്ക് നീട്ടിവെക്കുകയായിരുന്നു. പുതിയ പ്രഖ്യാപനം നടത്തുന്ന മാധ്യമസമ്മേളനത്തിലേക്ക് അന്താരാഷ്ട്ര മാധ്യമങ്ങളെ ക്ഷണിക്കൽ അടക്കമുള്ള ഒരുക്കങ്ങൾ നിലവിൽ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പൂർത്തിയാക്കിവരികയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഗൾഫ് അറബ് രാജ്യങ്ങളിലെ വിദേശ ജോലിക്കാർക്ക് പതിറ്റാണ്ടുകളായി ബാധകമാകുന്ന "കഫാല" സമ്പ്രദായം കരാർ അടിമത്തത്തിന്റെ ഒരു രൂപമാണെന്ന് വിമർശിക്കപ്പെടുന്നു. ഇത് അസന്തുലിതമായ തൊഴിൽ കമ്പോളത്തെ സൃഷ്ടിക്കുന്നതാണെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. സൗദിയിലെ തൊഴിലില്ലായ്മ ഉയരുമ്പോഴും സ്വകാര്യ തൊഴിലുടമകൾ വിലകുറഞ്ഞതും എളുപ്പത്തിൽ ചൂഷണം ചെയ്യപ്പെടുന്നതുമായ വിദേശ തൊഴിലാളികളെ നിയമിക്കുകയാണെന്നാണ് വിലയിരുത്തൽ.