യുഎഇ, കുവൈത്ത്, ബഹ്‌റൈൻ അതിർത്തികൾ തുറന്ന് സൗദി അറേബ്യ
കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുവാൻ കര അതിർത്തികൾ മാർച്ച് 7 നായിരുന്നു സൗദി അടച്ചത്.
ജിദ്ദ: യുഎഇ, കുവൈത്ത്, ബഹ്‌റൈൻ അതിർത്തികൾ തുറന്ന് സൗദി അറേബ്യ. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഈ മൂന്ന് രാജ്യങ്ങളിലേക്കുള്ള അതിർത്തികൾ അടച്ചിരുന്നു. നാലുമാസത്തിന് ശേഷമാണ് അതിർത്തി വീണ്ടും തുറക്കുന്നത്.
സൗദി കസ്റ്റംസ് പുറപ്പെടുവിച്ച സർക്കുലറിൽ ഗൾഫ് കോ-ഓപറേഷൻ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള ചരക്കുകൾ കടത്തുന്നതിന് വാണിജ്യ ട്രക്കുകൾക്കും പ്രവേശനം അനുവദിക്കും. കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കുവാൻ യുഎഇ, കുവൈത്ത്, ബഹ്‌റൈൻ എന്നിവയുമായുള്ള കര അതിർത്തികൾ മാർച്ച് 7 നായിരുന്നു സൗദി അടച്ചത്.
അതേസമയം കൊവിഡ് ബാധിച്ച് ഇന്ന് രാജ്യത്ത് 36 മരണങ്ങൾ റിപോർട്ട് ചെയ്തു. 1,389 പുതിയ രോഗ ബാധിതരെ ഇന്ന് കണ്ടെത്തി. പുതിയ കേസുകളിൽ 109 എണ്ണം തലസ്ഥാനമായ റിയാദിലും, 106 മക്കയിലും, 53 ജസാനിലും, 49 ജിദ്ദയിലും റിപോർട്ട് ചെയ്തു. 1,626 രോഗികളാണ് ഇന്ന് രോഗമുക്തരായത്.