സൗദി തൊഴില്‍ നിയമത്തില്‍ ഭേദഗതി; നിയമ ലംഘനങ്ങളുടെ പിഴ അടക്കാതെ തൊഴില്‍ മാറ്റം നടക്കില്ല

വ്യക്തമായ തൊഴില്‍ കരാറില്ലത്ത ഘട്ടത്തില്‍ കരാര്‍ തയ്യാറാക്കേണ്ട മുന്ന് മാസക്കാലവധിക്കുള്ളില്‍ തയ്യാറാക്കാത്ത പക്ഷം തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറാവുന്നതാണ്.

Update: 2020-11-15 12:17 GMT

ദമ്മാം: സൗദി തൊഴില്‍ നിയമ ഭേദഗതിയനുസരിച്ച് നിലവിലെ തൊഴിലുടമയില്‍ നിന്നും മറ്റൊരു തൊഴിലുടമയിലേക്ക് മാറാവുന്ന ഘട്ടങ്ങള്‍ മന്ത്രാലയം അറിയിച്ചു. നിലവിലുള്ള തൊഴില്‍ ഉടമയില്‍ നിന്നും മറ്റൊരു തൊഴിലുടമയിലേക്ക് മാറുന്നവർ സര്‍ക്കാരിനു നല്‍കേണ്ട ഫീസുകളും നിയമ ലംഘനങ്ങളുടെ പിഴകളും അടച്ചിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി.

വ്യക്തമായ തൊഴില്‍ കരാറില്ലത്ത ഘട്ടത്തില്‍ കരാര്‍ തയ്യാറാക്കേണ്ട മുന്ന് മാസക്കാലവധിക്കുള്ളില്‍ തയ്യാറാക്കാത്ത പക്ഷം തൊഴിലാളിക്ക് മറ്റൊരു തൊഴിലുടമയിലേക്ക് മാറാവുന്നതാണ്. ഇപ്രകാരം തുടര്‍ച്ചയായ മൂന്ന് മാസങ്ങളില്‍ വേതനം ലഭിക്കാതിരുന്നാലും നിലവിലെ തൊഴിലുടമയുടെ അനുമതിയില്ലാതെ മറ്റൊരു തൊഴിലുടമക്ക് തൊഴില്‍ മാറ്റം നടത്താം.

തൊഴിലുടമ ജയിലിൽ അടക്കപ്പെടുകയോ, മരണപ്പെടുകയോ, രാജ്യം വിട്ടുപോവുകയോ ചെയ്യുന്ന ഘട്ടത്തില്‍ തൊഴിലുടമയുടെ അനുമതി കാത്ത് നില്‍ക്കാതെ മറ്റൊരു തൊഴിലുടമയിലേക്കു മാറാന്‍ അനുമതിയുണ്ടായിരിക്കും. വര്‍ക്ക് പെര്‍മിറ്റിന്റെയോ, ഇഖാമയുടേയോ കാലാവധി അവസാനിക്കുകയും അവ പുതുക്കി നല്‍കുകയോ ചെയ്യാത്ത ഘട്ടത്തില്‍ അനുമതി കാത്ത് നില്‍ക്കാതെ മറ്റൊരു തൊഴിലുടമയിലേക്ക് മാറാം. തൊഴിലുടമ മനുഷ്യ കച്ചവടം നടത്തിയെന്ന് സ്ഥിരപ്പെടുകയാണങ്കിലും മറ്റൊരു തൊഴിലുടമയെ തേടാന്‍ തൊഴിലാളിക്ക് അനുമതി നല്‍കും. തൊഴിലുടമയും തൊഴിലാളിയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടാകുമ്പോള്‍ അല്ലെങ്കിൽ ഒരു തൊഴില്‍ കേസില്‍ രണ്ട് തവണ തൊഴിലുടമ ഹാജരാവാതിരുന്നാലും സേവന മാറ്റം നടത്താം.

സൗദിയിലെത്തി 12 മാസം പൂര്‍ത്തിയാവുന്ന ഘട്ടത്തില്‍ 90 ദിവസം മുമ്പ് തൊഴിലുടമക്ക് വിവരം നല്‍കി മറ്റൊരു തൊഴിലുടമയിലേക്ക് മാറാം. എന്നാല്‍ പ്രത്യേക വ്യവസ്ഥ നിശ്ചയിച്ചിട്ടുണ്ടെങ്കില്‍ പുതിയ തൊഴിലുടമയിലേക്ക് മാറുന്നത് അസാധ്യമാവും. റീഎൻട്രി കാലാവധിക്കകം തിരിച്ചു വരാത്ത തൊഴിലാളിയുടെ സേവനം വീണ്ടും ഉപയോഗപ്പെടുത്തുന്നതിനു തൊഴിലാളിയുടെ എക്‌സിറ്റ് റീഎൻട്രി അബ്ഷിര്‍ മുഖേന നേടുക, തൊഴില്‍ കരാറുണ്ടായിരിക്കുക. കാലാവധിയുള്ള ഇഖാമയുണ്ടായിരിക്കുക തുടങ്ങിയ നിബന്ധനകളുണ്ടായിരിക്കും.


Similar News