കുവൈത്തിൽ ഫലസ്തിൻ ജനതയോട് ഐക്യദാർഢ്യം: ഇസ്രായേൽ പതാക കത്തിച്ചു
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്ത പ്രതിഷേധ റാലിയിൽ ഇസ്രായേൽ ഭരണകൂടത്തിനെതിരേ മുദ്രാവക്യം മുഴങ്ങി
കുവൈത്ത് സിറ്റി: കുവൈത്തിൽ ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് കൊണ്ട് വിവിധ കുവൈത്തി സംഘടനകൾ ആഹ്വാനം ചെയ്ത പ്രതിഷേധ യോഗത്തിൽ നൂറു കണക്കിനു പേർ പങ്കെടുത്തു. ബുധനാഴ്ച വൈകുന്നേരം 5 മണി മുതലാണ് പ്രതിഷേധ യോഗം നടന്നത്. യോഗത്തിൽ പങ്കെടുക്കുന്നതിനായി ഇദാറ സ്ക്വയറിലേക്ക് നിരവധി സ്വദേശികൾ ഒഴുകിയെത്തി.
സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേർ പങ്കെടുത്ത പ്രതിഷേധ റാലിയിൽ ഇസ്രായേൽ ഭരണകൂടത്തിനെതിരേ മുദ്രാവക്യം മുഴങ്ങി. പ്രതിഷേധക്കാർ ഇസ്രായേൽ പതാകക്ക് മുകളിൽ ചെരിപ്പു കൊണ്ട് ചവുട്ടി പ്രതിഷേധം രേഖപ്പെടുത്തുകയും പിന്നീട് പതാക കത്തിക്കുകയും ചെയ്തു.
പ്രതിഷേധം രേഖപ്പെടുത്തുന്നതിനു 30 മിനുട്ട് സമയം അനുവദിക്കുവാൻ മുതിർന്ന ഉദ്യോഗസ്ഥർ സുരക്ഷാ സേനക്ക് നേരത്തെ വാക്കാൽ നിർദേശം നൽകിയിരുന്നു. രാജ്യത്തെ 12 ഓളം സംഘടനകളുടെ നേതൃത്വത്തിലാണു ഐക്യദാർഢ്യ സമ്മേളനത്തിനു ആഹ്വാനം നൽകിയത്.