ഒമാനില്‍ പ്രവാസികളുടെ എണ്ണം കുറയുന്നുവെന്ന് കണക്കുകള്‍
കഴിഞ്ഞ നാലു മാസത്തിനിടയിൽ മാത്രം ഒമാൻ വിട്ടുപോയത് 72230 പ്രവാസികളെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
മസ്‍കത്ത്: ഒമാനിലെ പ്രവാസി ജനസംഖ്യ ക്രമാനുഗതമായി കുറയുന്നുവെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ (എന്‍സിഎസ്ഐ) പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലു മാസത്തിനിടയിൽ മാത്രം ഒമാൻ വിട്ടുപോയത് 72230 പ്രവാസികളെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രവാസികളുടെ എണ്ണത്തില്‍ 1,22,915 പേരുടെ കുറവുണ്ടായി. ഈ വര്‍ഷം മാര്‍ച്ചില്‍ 16,62,113 പ്രവാസികളാണ് രാജ്യത്തുണ്ടായിരുന്നത്. ഏപ്രിലില്‍ ഇത് 16,45,041 ആയി കുറഞ്ഞു. മേയില്‍ 16,22,241 ആയും ജൂണില്‍ 15,89,883 ആയും പ്രവാസികളുടെ എണ്ണം കുറഞ്ഞുവെന്നാണ് കണക്കുകള്‍.
ഏപ്രില്‍, മേയ്, ജൂണ്‍ മാസങ്ങളില്‍ 55,158 പ്രവാസികളാണ് കുറഞ്ഞത്. ബംഗ്ലാദേശ് സ്വദേശികളുടെ എണ്ണം 2019 ഡിസംബറില്‍ 6,30,681 ആയിരുന്നത് ഈ വര്‍ഷം ജൂണില്‍ 5,90,748 ആയി കുറഞ്ഞു. ഇതേ കാലയളവില്‍ ഇന്ത്യക്കാരുടെ എണ്ണം 6,17,730ല്‍ നിന്ന് 5,67,314 ആയാണ് കുറഞ്ഞത്. 2,07,288 പാകിസ്താന്‍ സ്വദേശികളുണ്ടായിരുന്നത് ഇപ്പോള്‍ 1,92,676 പേരായി കുറഞ്ഞിട്ടുമുണ്ട്.
നിലവില്‍ മസ്‍കത്തിലാണ് ഏറ്റവുമധികം പ്രവാസികളുള്ളത്. 6,83,460 പ്രവാസികള്‍ ഇവിടെ ജോലി ചെയ്യുന്നു. ദോഫാറില്‍ 1,78,959 പ്രവാസികളും 2,20,863 പേര്‍ നോര്‍ത്ത് അല്‍ ബാത്തിനയിലുമുണ്ട്. 52,462 പ്രവാസികളാണ് സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നത്. 45,45,110 ആണ് നിലവിലെ സ്വദേശി ജനസംഖ്യ.