പത്തുവർഷത്തിനു ശേഷം പ്രിയപ്പെട്ടവരെ കാണാൻ ഉമ്മർക്ക നാട്ടിലേക്ക്; തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറം ഇടപെടൽ

മലയാളി റൂമുകളില്‍ ഭക്ഷണം പാചകം ചെയ്തു നല്‍കലായിരുന്നു ജോലി. അതുകൊണ്ട് തന്നെ വാദിയിലെ ബഹുഭൂരിപക്ഷം മലയാളികളും പാചക കലയിലെ ഉമ്മർക്കയുടെ കൈപ്പുണ്യം അനുഭവിച്ചവരാണ്.

Update: 2020-09-18 14:52 GMT

വാദി ദവാസിര്‍: പ്രിയപ്പെട്ടവരെ കാണാൻ പത്തുവർഷങ്ങൾക്കു ശേഷം ഉമ്മർക്ക നാട്ടിലേക്ക് തിരിച്ചു. തുണയായത് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ ഇടപെടൽ. മലപ്പുറം എടവണ്ണ പാലപ്പറ്റ സ്വദേശിയായ ഉമ്മര്‍ക്ക പ്രാരാബ്ദങ്ങള്‍ ഓരോന്നും തീര്‍ക്കുവാന്‍ വേണ്ടി പ്രിയപ്പെട്ടവരേ കാണാതെ സൗദിയില്‍ തങ്ങിയത് നീണ്ട പത്തു വര്‍ഷങ്ങൾ. ഇരുപതു വര്‍ഷത്തെ പ്രവാസത്തിനിടക്ക്‌ നാട്ടില്‍ പോയത് ആകെ മൂന്ന് പ്രാവശ്യവും.

കഴിഞ്ഞ 4 വര്‍ഷത്തോളമായി താമസരേഖ ഇല്ലാതെയാണ് അദ്ദേഹം ഇവിടെ ജോലി ചെയ്തിരുന്നത്. മലയാളി റൂമുകളില്‍ ഭക്ഷണം പാചകം ചെയ്തു നല്‍കലായിരുന്നു ജോലി. അതുകൊണ്ട് തന്നെ വാദിയിലെ ബഹുഭൂരിപക്ഷം മലയാളികളും പാചക കലയിലെ ഉമ്മർക്കയുടെ കൈപ്പുണ്യം അനുഭവിച്ചവരാണ്. കാര്‍ട്ടന്‍ ബോക്സുകള്‍ പെറുക്കി വിറ്റും, ബക്കാല നടത്തിയും ഒക്കെ ജീവിതം മെച്ചപ്പെടുത്താന്‍ ശ്രമിച്ചിരുന്ന ഉമ്മർക്ക ഇതിനിടയിൽ നാല് പെൺ മക്കളെയും നല്ല രീതിയില്‍ തന്നെ വിവാഹം കഴിച്ചയച്ചു. എന്നാല്‍ ഒരാളുടെ കല്യാണത്തിന് പോലും അദേഹത്തിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ബാധ്യതകള്‍ ഒരു പരിധി വരെ തീര്‍ത്തു നാട്ടില്‍ പോകാൻ ആഗ്രഹിച്ചപ്പോള്‍ രേഖകള്‍ പൂര്‍ണമല്ലത്തതിനാല്‍ അതിനു സാധിച്ചില്ല. പിന്നീടാണ് വിഷയം ഇന്ത്യൻ സോഷ്യല്‍ ഫോറം വാദി ദവാസിര്‍ ബ്ലോക്ക്‌ വെല്‍ഫെയര്‍ ഇന്‍ചാര്‍ജ് അബ്ദുല്‍ ലത്തീഫ് മാനന്തേരിയുടെ ശ്രദ്ധയില്‍ എത്തുന്നത്‌. പിഴയടക്കം ഭീമമായ ഒരു തുക അടച്ചാല്‍ മാത്രമേ രേഖകള്‍ ശരിയാക്കാന്‍ കഴിയുമായിരുന്നുള്ളൂ. സോഷ്യൽ ഫോറം പ്രവര്‍ത്തകര്‍ ജവാസാത്ത് മേധാവിയുമായി സംസാരിച്ചു ഉമ്മര്‍ക്കയുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുത്തിയപ്പോള്‍ അടക്കേണ്ട തുക പൂര്‍ണമായും ഒഴിവാക്കി കൊടുക്കുകയായിരുന്നു.

പ്രാരാബ്ദങ്ങള്‍ ഓരോന്നും തീര്‍ക്കുവാന്‍ മണലാരണ്യത്തിൽ ജീവിതം ഹോമിപ്പിച്ച ഒട്ടനവധി പ്രവാസികളുടെ പ്രതീകമായി , യാത്ര രേഖകള്‍ എല്ലാം ശരിയായി കിട്ടിയ ഉമ്മർക്ക ഇന്ത്യൻ സോഷ്യല്‍ ഫോറം നല്‍കിയ ടിക്കറ്റില്‍ റിയാദില്‍ നിന്നും എയര്‍ ഇന്ത്യ എക്സ് പ്രസ്സില്‍ വെള്ളിയാഴ്ച രാവിലെ നാട്ടിലേക്ക് തിരിച്ചു. വാദിയിലെ വിവിധ മലയാളി സംഘടനകള്‍ അദ്ദേഹത്തിനു ഉപഹാരങ്ങള്‍ നല്‍കിയാണ്‌ യാത്ര അയച്ചത്.

Similar News