ബ്യൂണസ് ഐറിസ്: യൂത്ത് ഒളിംപിക്‌സില്‍ ഇന്ത്യയുടെ ആദ്യത്തെ വെങ്കലമെഡലുമായി പ്രവീണ്‍ ചിത്രവല്‍. ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ ജംപിലാണ് ഈ 17കാരന്‍ ഇന്ത്യക്ക് വെങ്കലം സമ്മാനിച്ചത്. രണ്ടാം ഘട്ട മല്‍സരത്തില്‍ 15.68 ദൂരം താണ്ടിയതോടെ രണ്ട് ഘട്ട മല്‍സരങ്ങളിലുമായി താണ്ടിയ 31.52 മീറ്റര്‍ പ്രകടനമാണ് താരത്തിന് വെങ്കലം നേടിക്കൊടുത്തത്.
നേരത്തേ നടന്ന ആദ്യ ഘട്ട മല്‍സരത്തില്‍ കരിയറിലെ മികച്ച പ്രകടനമായ 15.84 മീറ്ററില്‍ താരം ചാടിയിരുന്നു. ഈ രണ്ട് പ്രകടനത്തിന്റെയും മികവിലാണ് ചിത്രവല്‍ മൂന്നാം സ്ഥാനത്തെത്തിയത്. ക്യൂബയുടെ അലജാന്‍ഡ്രോ ഡയസ് സ്വര്‍ണം(17.14+7.04) നേടിയപ്പോള്‍ നൈജീരിയയുടെ ഇമ്മാനുവല്‍ ഒറിറ്റ്‌സമെയിവ (16.34+15.51) വെള്ളിയും കരസ്ഥമാക്കി. ഇതോടെ ഒളിംപിക്‌സില്‍ അത്‌ലറ്റിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി.
അതേസമയം, കേരള താരം ജെ വിഷ്ണുപ്രിയയക്ക് 12ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 19 പേരടങ്ങിയ മല്‍സരത്തിലാണ് താരം 12ാമതെത്തിയത്. നേരത്തേ നടന്ന ആദ്യ ഘട്ടത്തില്‍ താരം ഹീറ്റ്‌സില്‍ മൂന്നാമതെത്തിയിരുന്നു.