റാഞ്ചി(ജാര്‍ഖണ്ഡ്): ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ രണ്ടാം ദിനം 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയിക്ക് ദേശീയ റെക്കോര്‍ഡ്. 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 13.76 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് അപര്‍ണ റെക്കോഡോടെ സ്വര്‍ണം സ്വന്തമാക്കിയത്. ഈവര്‍ഷം ജൂലൈയില്‍ ബാങ്കോക്കില്‍ സ്ഥാപിച്ച 13.98 എന്ന സ്വന്തം റെക്കോഡാണ് അപര്‍ണ മറികടന്നത്. 2008ല്‍ തമിഴ്‌നാടിന്റെ ഗായത്രി ഗോവിന്ദ് കുറിച്ച 14.02 സെക്കന്‍ഡിന്റെ മീറ്റ് റെക്കോര്‍ഡും അപര്‍ണ പഴങ്കഥയാക്കി. അണ്ടര്‍ 20 വിഭാഗം ജൂനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അബിത മേരി മാനുവലും സ്വര്‍ണം നേടി. 55.49 സെക്കന്‍ഡിലാണ് അബിത ഫിനിഷ് ചെയ്തത്.
16 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലും കേരളം തിളങ്ങി. ഈയിനത്തില്‍ കേരളത്തിന്റെ അലീന വര്‍ഗീസ് വെള്ളി നേടി. 14.92 സെക്കന്‍ഡിലായിരുന്നു ഫിനിഷിങ്.കേരളത്തിന്റെ അപര്‍ണ റോയി 2016ല്‍ സ്ഥാപിച്ച മീറ്റ് റെക്കോഡും പൂനെയുടെ അങ്കിത സുനില്‍ 2012ല്‍ സ്ഥാപിച്ച ദേശീയ റെക്കോഡുമാണ് കടപുഴകിയത്.
അണ്ടര്‍16 പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 58.12 സെക്കന്‍ഡില്‍ ഓടിയെത്തി കേരളത്തിന്റെ എല്‍ഗ തോമസും വെള്ളി നേടി. ആണ്‍കുട്ടികളുടെ അണ്ടര്‍ 20 വിഭാഗത്തില്‍ 1500 മീറ്ററില്‍ കേരളത്തിന്റെ അഭിനന്ദ് സുന്ദരേശനും അണ്ടര്‍ 18 വിഭാഗത്തില്‍ ആദര്‍ശ് ഗോപിക്കും വെള്ളി ലഭിച്ചു. അണ്ടര്‍ 18 വിഭാഗം ഹൈജംപില്‍ ഗായത്രി ശിവകുമാര്‍ വെള്ളി മെഡലിനര്‍ഹയായി. പെണ്‍കുട്ടികളുടെ അണ്ടര്‍ 18 വിഭാഗത്തില്‍ മിന്നു പി റോയിക്ക് വെങ്കലം. ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ (അണ്ടര്‍ 20 വിഭാഗം) കേരളത്തിന്റെ നെവില്‍ ഫ്രാന്‍സിസ് ഫെര്‍ണാണ്ടസിനും അണ്ടര്‍ 18 വിഭാഗത്തില്‍ അഭിനവ് സിക്കും വെങ്കലം ലഭിച്ചു.
എന്നാല്‍ അണ്ടര്‍ 18 വിഭാഗം 400 മീറ്ററില്‍ കേരളത്തിന്റെ മെഡല്‍ പ്രതീക്ഷയായിരുന്ന എ എസ് സാന്ദ്രയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ (അണ്ടര്‍ 20) 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ 14.07 സെക്കന്‍ഡില്‍ ഫിനിഷ് ചെയത മുഹമ്മദ് ഫായിസും വെങ്കലം നേടി. 100 മീറ്റര്‍ പെണ്‍കുട്ടികളുടെ (അണ്ടര്‍ 14) വിഭാഗത്തില്‍ കേരളത്തിന്റെ അനുഗ്രഹ സി വെങ്കലം നേടി. മീറ്റിന്റെ ആദ്യ ദിവസം മൂന്നു സ്വര്‍ണമുള്‍പ്പെടെ കേരളം ആറു മെഡല്‍ നേടിയിരുന്നു.