തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് എലിപ്പനി പടരുന്നു. രണ്ട് ദിവസത്തിനിടെ 23 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ ഇന്നലെ മാത്രം മരിച്ചത് ഏഴ് പേരാണ്. മലപ്പുറം,കോട്ടയം, ആലപ്പുഴ ജില്ലകളില്‍ എലിപ്പനി ബാധിച്ച് ഓരോരുത്തരും മരിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ 269 പേരാണ് എലിപ്പനിക്ക് ചികിത്സ തേടിയത്. കോട്ടയത്ത് ഈ വര്‍ഷം 40 പേര്‍ക്ക് രോഗം ബാധിച്ചു. മലപ്പുറത്ത് ഇന്നലെ 14 പേര്‍ക്കും കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ 3 പേര്‍ക്ക് വീതവും ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചു.
എലിപ്പനി മരണങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ചികിത്സാ പ്രോട്ടോക്കോള്‍ പുറത്തിറക്കി. എലിപ്പനി ശക്തമായി നിയന്ത്രിക്കുന്നതിന് വേണ്ടി അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ച് പ്രതിരോധം, ചികില്‍സ, സാംപിള്‍ കളക്ഷന്‍ എന്നിവയില്‍ പാലിക്കേണ്ട നിബന്ധനകള്‍ ഉള്‍ക്കൊള്ളിച്ചതാണ് പ്രോട്ടോകോള്‍. ഈ പ്രോട്ടോകോള്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരും കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ വ്യക്തമാക്കി.
രോഗം മൂര്‍ച്ഛിച്ചവര്‍ക്ക് പലര്‍ക്കും പെന്‍സിലിന്‍ ചികില്‍സ ആവശ്യമായി വരും. അതുകൊണ്ടുതന്നെ താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ ആശുപത്രികളിലും പെന്‍സിലിന്റെ ലഭ്യതയും ഇതിനുവേണ്ട മുന്‍കരുതലുകളും ഉറപ്പുവരുത്തിയിട്ടുണ്ട്. പെന്‍സിലിന്‍ ചികില്‍സയെപ്പറ്റി കൃത്യമായ മാര്‍ഗനിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സന്നദ്ധപ്രവര്‍ത്തകര്‍ക്കു മാത്രമായി ആശുപത്രികളില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങുന്നതാണ്. ഈ കൗണ്ടര്‍ വഴി പ്രതിരോധ ഗുളികകള്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.
എലിപ്പനി ബാധിക്കാതിരിക്കാന്‍ എല്ലാവരും മാര്‍ഗനിര്‍ദേശം പാലിക്കേണ്ടതുണ്ട്
1. രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരും സന്നദ്ധപ്രവര്‍ത്തകരും വീട് വൃത്തിയാക്കാന്‍ പോയവരും നിര്‍ബന്ധമായും ആഴ്ചയില്‍ ഒരിക്കല്‍ എലിപ്പനിക്കുള്ള പ്രതിരോധഗുളികയായ 200 എംജി ഡോക്‌സിസൈക്ലിന്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ടതാണ്. സാധാരണയായി 100 എംജിയിലുള്ള ഡോക്‌സിസൈക്ലിനാണുള്ളത്. അതിനാല്‍ തന്നെ 100 എംജിയിലുള്ള 2 ഗുളികകള്‍ ഒരുമിച്ച് കഴിക്കേണ്ടതാണ്. കഴിഞ്ഞ ആഴ്ച ഗുളിക കഴിച്ചവര്‍ ഈ ആഴ്ചയും കഴിക്കേണ്ടതാണ്.
2. പ്രളയബാധിത പ്രദേശത്ത് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിനു ശേഷം ഡോക്ടര്‍മാരെ കാണാന്‍ കഴിയാത്തവര്‍ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തി പ്രതിരോധമരുന്ന് കഴിക്കേണ്ടതാണ്.
3. പ്രതിരോധമരുന്നുകള്‍ കഴിച്ചവരും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.
4. പ്രളയബാധിത പ്രദേശത്ത് താമസിച്ചവരോ ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരോ പനി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം ആശുപത്രിയിലെത്തി ചികില്‍സ തേടേണ്ടതാണ്. സ്വയം ചികില്‍സയും ചികില്‍സിക്കാനുള്ള കാലതാമസവും ഗുരുതരാവസ്ഥയിലെത്തിക്കും.
5. എല്ലാ ക്യാംപുകളിലും രക്ഷാപ്രവര്‍ത്തകര്‍ക്കും പ്രതിരോധഗുളികകള്‍ ആരോഗ്യവകുപ്പ് വ്യാപകമായി നല്‍കിയിരുന്നെങ്കിലും പലരും കഴിക്കാന്‍ വിമുഖത കാട്ടിയിരുന്നതായി ആരോഗ്യവകുപ്പിന് പിന്നീടുള്ള നിരീക്ഷണത്തില്‍ ബോധ്യമായി. അവര്‍ എത്രയും വേഗം ആഹാരത്തിനു ശേഷം ഗുളിക കഴിക്കേണ്ടതാണ്.
എലിപ്പനി പ്രതിരോധമരുന്ന് പ്രളയമേഖലയിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവരും കഴിക്കണമെന്നു മന്ത്രിമാര്‍ അഭ്യര്‍ഥിച്ചു. എലിപ്പനി പ്രതിരോധമരുന്ന് കോഴിക്കോട് താലൂക്ക് അദാലത്തിനിടെ മന്ത്രിമാരും എംഎല്‍എമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പരസ്യമായി കഴിക്കുകയും ചെയ്തു. പനി ബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ ആരോഗ്യവകുപ്പ് സംസ്ഥാനത്ത് അതീവ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാലുലക്ഷത്തില്‍ അധികം പ്രതിരോധ മരുന്നുകളാണ് ജില്ലയില്‍ വിതരണം ചെയ്തത്. ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്ക് എലിപ്പനി വന്നാല്‍ മരണസാധ്യത കൂടുതലാണെന്ന് എലിപ്പനി രോഗ നിവാരണ വിദഗ്ധര്‍ പറയുന്നു.