കന്യാസ്ത്രീ പോലീസില്‍ പരാതി നല്‍കേണ്ടിവന്നതിന്റെ ഉത്തരവാദി സഭാനേതൃത്വം: സേവ് അവര്‍ സിസ്‌റ്റേഴ്‌സ്

Update: 2018-09-26 06:37 GMT


കൊച്ചി: മിഷണറീസ് ഓഫ് ജീസസില്‍ പ്രവര്‍ത്തിച്ചു വരുന്ന ഒരു കന്യാസ്ത്രി ജലന്ധര്‍ ബിഷപായിരുന്ന ഫ്രാങ്കോ മുളയക്കലിനെതിരെ ബാല്‍സംഗത്തിന് പോലിസില്‍ പരാതി നല്‍കാനിടയാക്കിയ സാഹചര്യത്തിന് സഭാ നേതൃത്വം തന്നെയാണ് ഉത്തരവാദിയെന്ന്് കന്യാസ്ത്രീക്കു വേണ്ടി സമരംഗത്തുണ്ടായിരുന്ന സേവ് അവര്‍ സിസ്‌റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സില്‍(എസ്ഒഎസ്) കണ്‍വീനര്‍ ഫാ.അഗസ്റ്റിന്‍ വട്ടോലി വാര്‍ത്താ കുറിപ്പില്‍ ആരോപിച്ചു.

സഭയിലെ ഉന്നതര്‍ക്കെല്ലാം പരാതി നല്‍കി രണ്ടു വര്‍ഷം പിന്നിട്ടിട്ടും തന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വം ഒരു നടപടിയും സ്വീകരിക്കാതിരുന്നപ്പോഴാണ കന്യാസ്ത്രീ പോലിസില്‍ പരാതി നല്‍കുന്നതിനു തയ്യാറായത്. ഇന്ന് സഭയ്ക്ക് പൊതുസമൂഹത്തിനു മുന്നില്‍ നേരിടേണ്ടി വരുന്ന ദു:ഖകരമായ അവസ്ഥക്ക് സഭാനേതൃത്വം തന്നെയാണ് ഉത്തരവാദികള്‍ എന്നു വ്യക്തമാണ്.

ചരിത്രത്തില്‍ ആദ്യമായി സഭാനേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തു വരുമ്പോള്‍ കന്യാസ്ത്രീകള്‍ അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘര്‍ഷങ്ങള്‍ സഭാ നേതൃത്വത്തിനും മനസ്സിലാകുമല്ലോ. പിതാവിനു തുല്യം താന്‍ ബഹുമാനിക്കുന്ന ഒരു വ്യക്തിയില്‍ നിന്നും ഇത്തരം ഒരനുഭവം നേരിടുന്ന ഒരു സ്ത്രീയുടെ മനസ്സു കാണാനും സഭ ഇപ്പോഴും ശ്രമിക്കുന്നില്ലെന്ന വസ്തുത നിരാശപ്പെടുത്തുന്നു.

ക്രിസ്തു സന്ദേശങ്ങളെയോ വിശ്വാസപ്രമാണങ്ങളേയോ പുരോഹിതരെയോ ബിഷപ്പുമാരേയോ സഭയേയോ തരം താഴ്ത്തിക്കാണിക്കുന്ന ഒന്നിനേയും എസ്ഒഎസ് അംഗീകരിക്കുന്നില്ല. എന്നാല്‍, ഇത്തരം ഒരു സമരം പൊതു സമൂഹത്തില്‍ ഉയര്‍ന്നു വരുമ്പോള്‍ അതിനോട് തങ്ങളുടേതായ രീതിയില്‍ പല സ്വതന്ത്ര പ്രസ്ഥാനങ്ങളും വ്യക്തികളും പ്രതികരിക്കുന്നത് സ്വാഭാവികം മാത്രം.

അവരുടെ നിലപാടുകളുമായി തങ്ങള്‍ യോജിക്കുന്നില്ലെന്ന് പലവട്ടം വ്യക്തമാക്കിയിട്ടുമുണ്ട്.സഭയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അത്തരം ഒരവസരം ഉണ്ടാക്കിയത് സഭാനേതൃത്വത്തിലെ തന്നെ ചിലരുടെ നിലപാടുകളാണെന്നും ഫ. അഗസ്റ്റിന്‍ വട്ടോലി പറഞ്ഞു.
Tags:    

Similar News