Full View
2021ല്‍ പാകിസ്താനെതിരായ മല്‍സരത്തിലെ തോല്‍വിയെ തുടര്‍ന്ന് ഏറ്റവും കൂടുതല്‍ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട താരം, ഭാര്യ ഹസ്സിന്‍ ജഹാന്റെ ഗാര്‍ഹിക പീഡനം അടക്കമുള്ള ആരോപണങ്ങളെ തുടര്‍ന്ന് കേസ് നേരിടുന്ന താരം, ഫോമിലുണ്ടായിട്ടും ടീമില്‍ സ്ഥിരം സ്ഥാനം ലഭിക്കാത്ത താരം ഇതാണ് മുഹമ്മദ് ഷമിയെന്ന ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍. എല്ലാറ്റിനും ഷമി മറുപടി കൊടുക്കുക നാവ് കൊണ്ടല്ല, തന്റെ ബൗളിങ് കൊണ്ടാണ്. അതേ ഇത്തവണ ഷമിയുടെ ബൗളിങിന് മൂര്‍ച്ച കൂടുതലാണ്. ഈ മൂര്‍ച്ചയാണ് ലോകകപ്പിലെ കഴിഞ്ഞ മൂന്ന് മല്‍സരങ്ങളിലെയും ഇന്ത്യയുടെ ജയത്തിന് പിന്നില്‍. ഈ തീപ്പൊരി ബൗളിങിന് പിന്നില്‍ ഷമിയുടെ ഒരു പകവീട്ടല്‍ കൂടിയുണ്ട്.
ഒട്ടും ഫോമിലല്ലാത്ത ഷാര്‍ദ്ദുല്‍ ഠാക്കൂര്‍ എന്ന ഓള്‍ റൗണ്ടറെ ലോകകപ്പ് ടീമിലെടുക്കാന്‍ വേണ്ടി തകര്‍പ്പന്‍ ഫോമിലുള്ള മുഹമ്മദ് ഷമിയെ ഇന്ത്യന്‍ ക്രിക്കറ്റ് പുറത്തിരുത്തുകയായിരുന്നു. ഷമി ഒടുവില്‍ പകരക്കാരനായി ടീമിലെത്തി. ലോകകപ്പിന് തൊട്ടുമുമ്പുള്ള ആസ്‌ത്രേലിയക്കെതിരായ മല്‍സരത്തില്‍ അഞ്ച് വിക്കറ്റ് നേടിത്തന്നെയാണ് ഷമി കഴിവ് തെളിയിച്ചത്. റിസര്‍വ് താരമായ ഷമി ലോകകപ്പിലെ ആദ്യ നാല് മല്‍സരങ്ങളിലും പുറത്തും. ഇന്ത്യയുടെ മൂന്നാം സീമറും ഓള്‍ റൗണ്ടറുമായ ഹാര്‍ദ്ദിക് പാണ്ഡെയ്ക്ക് പരിക്കേറ്റതാണ് ഷമിയുടെ ലോകകപ്പ് ടീമിലേക്കുള്ള വാതില്‍ തുറന്നത്. ഹാര്‍ദ്ദിക്കിന് പകരം ശ്രാദ്ധുല്‍ ഠാക്കൂറായിരുന്നു ഇന്ത്യയുടെ ഓപ്ഷന്‍. എന്നാല്‍ ഠാക്കൂറിന്റെ ഫോമില്‍ വിശ്വാസമില്ലായിരുന്ന ടീം നറുക്ക് ഷമിക്ക് നല്‍കുകയായിരുന്നു. പിന്നീടിങ്ങോട്ട് ഷമിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. കളിച്ച മൂന്ന് മല്‍സരങ്ങളിലും ടീമിന്റെ വിജയശില്‍പ്പി എന്ന പേരും ലഭിച്ചു. ആദ്യ നാല് മല്‍സരങ്ങളില്‍ ഷമിയെ പുറത്തിരുത്തിയത് ബോര്‍ഡ് ഇപ്പോള്‍ ആരാധകരുടെ പഴി കേള്‍ക്കുകയാണ്. ഈ ലോകകപ്പിലെ തന്റെ ആദ്യ മല്‍സരത്തില്‍ ന്യൂസിലന്റ് താരം വില്‍ യങിനെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് ഷമി പ്രതികാരമറിയച്ചത്.
ഈ ലോകകപ്പിലെ തന്റെ ആദ്യ മല്‍സരത്തില്‍ താരം ന്യുസിലന്റിനെതിരേ അഞ്ച് വിക്കറ്റ് നേടിയാണ് വരവറിയിച്ചത്. തന്നെ പുറത്തിരുത്തിയവര്‍ക്കുള്ള മറുപടി തീ തുപ്പുന്ന ബൗളിങിലൂടെയാണ് താരം നല്‍കിയത്. ശ്രീലങ്കയ്‌ക്കെതിരേ അഞ്ച് വിക്കറ്റ് നേടിയതോടെ നിരവധി റെക്കോഡുകളാണ് താരത്തെ തേടിയെത്തിയത്. ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താരമെന്ന റെക്കോഡ് ഇനി ഷമിക്ക് സ്വന്തമാണ്. വെറും 14 ലോകകപ്പ് മല്‍സരങ്ങളില്‍ നിന്നായി താരം 45 വിക്കറ്റുകളാണ് നേടിയത്. മുന്‍ പേസര്‍മാരായ ജവഗഗല്‍ ശ്രീനാഥ്, സഹീര്‍ ഖാന്‍ എന്നിവരുടെ പേരിലുണ്ടായ 44 വിക്കറ്റ് എന്ന റെക്കോഡാണ് ഷമി തകര്‍ത്തത്.
താരത്തിനെതിരേ നിരന്തരം ആരോപണം ഉന്നയിക്കുന്ന മുന്‍ ഭാര്യ ഹസിന്‍ ജഹാനെതിരേയുള്ള മറുപടി കൂടിയാണ് ഷമിയുടെ ബൗളിങ്. ഗാര്‍ഹിക പീഡനത്തിനു പിന്നാലെ ഒത്തുകളി ആരോപണവും ഹസിന്‍ ഷമിക്കെതിരേ ഉന്നയിച്ചിരുന്നു. വാക്ക് പോരുകള്‍ക്ക് മുതിരാതെ താന്‍ ഒരിക്കലും തന്റെ രാജ്യത്തെ ഒറ്റുകൊടുക്കില്ലെന്നും തന്റെ രാജ്യത്തിന് വേണ്ടി മരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു ഷമിയുടെ മറുപടി. അതേ ഇന്ത്യയുടെ ഏകദിന ലോകകപ്പ് നേട്ടത്തിനായി ഷമി കാണിക്കുന്ന പ്രകടനം അത്തരത്തിലുള്ളതാണ്. ഏതൊരു താരത്തിനേക്കാളും മുമ്പിലാണ് ഇപ്പോള്‍ ഷമിയെന്ന താരം. ആരാധകര്‍ ഒരേ സ്വരത്തില്‍ അംഗീകരിക്കുന്ന താരമായിരിക്കുകയാണ് ഷമി.
ഇംഗ്ലണ്ടിനെതിരേ വെറും 22 റണ്‍സ് വഴങ്ങിയാണ് താരം നാല് വിക്കറ്റ് നേടിയത്. ഇന്ത്യയുടെ ഇതിഹാസ ബൗളര്‍ എന്ന പദവിക്ക് വൈകാതെ ഷമി അര്‍ഹനാവുമെന്നാണ് മുന്‍ താരം സുരേഷ് റെയ്‌ന പ്രവചിച്ചത്. നിര്‍ഭാഗ്യം കൂടപ്പറപ്പായ താരം കൂടിയാണ് ഷമി. കഴിവുണ്ടായിട്ടുണ്ടും ടീമിന് പുറത്ത് നില്‍ക്കാന്‍ യോഗമുള്ള താരം. താരസമ്പന്നമായ ഇന്ത്യന്‍ ടീമില്‍ നിന്ന് പലപ്പോഴും ഷമിക്ക് അവഗണന നേരിട്ടിട്ടുണ്ട്. ലോകത്തെ മികച്ച ഫാസ്റ്റ് ബൗളര്‍മാരുടെ ലിസ്റ്റിലുണ്ടായിട്ടും രാഹുല്‍ ദ്രാവിഡ് എന്ന കോച്ചും രോഹിത്ത് ശര്‍മ്മയെന്ന ക്യാപ്റ്റനും ഷമിയെ പലപ്പോഴും വേണ്ടപോലെ പരിഗണിച്ചിരുന്നില്ല.
വിന്‍ഡീസ് പര്യടനത്തിന് ശേഷം ഇടവേള കിട്ടിയപ്പോള്‍ മുതല്‍ ഷമി ലോകകപ്പിനുള്ള ഒരുക്കം തുടങ്ങി. ഉത്തര്‍ പ്രദേശിലെ അലിനഗറിലുള്ള ഫാംഹൗസില്‍ മൂന്ന് പിച്ച് ഒരുക്കിയായിരുന്നു ഷമിയുടെ പരിശീലനം. ബാറ്റിങ് അനുകൂലമായ ഫ്‌ലാറ്റ് പിച്ചില്‍ ഹാര്‍ഡ് ലെങ്ത് പന്തുകള്‍ തുടരെ എറിഞ്ഞ് പരിശീലിച്ചു. പുല്ല് നിറഞ്ഞ പിച്ചില്‍ പ്രാധാന്യം നല്‍കിയതത് പന്തിന്റെ ചലനത്തിന്. പന്തിന് ഗ്രിപ്പ് കിട്ടുന്ന പിച്ചുണ്ടാക്കിയും കഠിന പരിശീലനം. ടീമിനൊപ്പമില്ലാതിരുന്നപ്പോഴും ബൗളിങിന്റെ മൂര്‍ച്ച കൂട്ടാനുള്ള പ്രയത്‌നമാണ് ഷമിയെ ലോകകപ്പ് ടീമില്‍ എത്തിച്ചതെന്ന് കോച്ച് മുഹമ്മദ് ബദറുദ്ദീന്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ഷമിയുടെ കഠിനാധ്വാനം ഒരിക്കലും പാഴായിപ്പോയില്ല. ലോകകപ്പിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുയാണ് മുഹമ്മദ് ഷമി.
ലോകത്തിലെ ഏറ്റവും അണ്ടര്‍റേറ്റഡായ ബൗളറാണ് മുഹമ്മദ് ഷമിയെന്ന് ഇതിഹാസ പേസര്‍ സ്റ്റീവ് ഹാര്‍മിസണ്‍ പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെതിരായ മല്‍സരത്തിന് ശേഷമാണ് ഹാര്‍മിസണ്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. പാക് താരം ഷഹീന്‍ അഫ്‌റീദിയുടെ നിഴലില്‍ ഹാരിസ് റൗഫ് അണ്ടര്‍ റേറ്റഡ് ആയ പോലെയാണ് ജസ്പ്രീത് ബുംറയുടെ നിഴലില്‍ ഷമി അണ്ടര്‍ റേറ്റഡ് ആയതെന്ന് ഹാര്‍മിസണ്‍ പറഞ്ഞു. എന്നാല്‍ ഈ ലോകകപ്പിലെ പ്രകടനത്തോടെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ ചോയ്‌സ് ബൗളര്‍ ഷമിയായിരിക്കുകയാണ്. ലോകകപ്പില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ റെക്കോഡും ഷമി തന്റെ പേരില്‍ കുറിച്ചു. 2019ല്‍ ഒരു തവണയും ഈ വര്‍ഷം രണ്ട് തവണയുമാണ് ഷമി അഞ്ച് വിക്കറ്റ് നേട്ടം ലോകകപ്പില്‍ സ്വന്തമാക്കിയത്. ആസ്‌ത്രേലിയയുടെ മിച്ചല്‍ സാറ്റാര്‍ക്കിന്റെ പേരിലുള്ള റെക്കോഡാണ് ഷമി തകര്‍ത്തത്.
കഴിഞ്ഞ വര്‍ഷം നടന്ന ട്വന്റി20 ലോകകപ്പിലും ഷമിയെ നിര്‍ഭാഗ്യം പിന്തുടര്‍ന്നിരുന്നു. എപ്പോഴും തിരിച്ചുവരവുകള്‍ ഷമി അവിസ്മരണീയമാക്കാറുണ്ട്. 2022 ട്വന്റി20 ലോകകപ്പില്‍ ജസ്പ്രീത് ബുംറയ്ക്ക് പരിക്കേറ്റപ്പോള്‍ പകരക്കാരനായാണ് ഷമി വന്നത്. അന്ന് നാല് പന്തുകളില്‍ നാല് വിക്കറ്റ് നേടിയാണ് താരം സെലക്ടേഴ്‌സിന് മറുപടി നല്‍കിയത്. 2021ല്‍ പാകിസ്താനെതിരായ ട്വന്റി20 മല്‍സരത്തില്‍ ഇന്ത്യന്‍ ടീം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ താരമാണ് ഷമി. ഷമിയുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്ന തരത്തിലായിരുന്നു താരത്തിനെതിരേ ഹിന്ദുത്വ പ്രൊഫൈലകളില്‍ നിന്ന് അന്ന് സൈബര്‍ ആക്രമണം നേരിട്ടത്. മുന്‍ ഇന്ത്യന്‍ താരങ്ങളായ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, ഇര്‍ഫാന്‍ പഠാന്‍, വിരേന്ദ്ര സേവാഗ്, ആകാശ് ചോപ്ര എന്നിവര്‍ ഷമിയെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ താരത്തിന്റെ സഹതാരങ്ങളുടെ മൗനം അന്ന് ഏറെ ചോദ്യം ചെപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസത്തെ ശ്രീലങ്കയ്‌ക്കെതിരേ കൂറ്റന്‍ ജയത്തിന് ശേഷം സോഷ്യല്‍ മീഡിയകളും മറ്റ് മാധ്യമങ്ങളിലും ഷമിയാണ് താരം. ഷമിയുടെ നേട്ടങ്ങളുടെ റീല്‍സും സ്‌റ്റോറികളും. ഇതിനിടെ ഷമിയെ ആദ്യനാല് മല്‍സരങ്ങളില്‍ പുറത്തിരുത്തിയ സെല്കടേഴ്‌സിനെതിരേയും ആരാധകര്‍ ട്രോള്‍മഴ പെയ്യിക്കുന്നുണ്ട്. സെമിയിലെത്തിയ ഇന്ത്യയുടെ പ്രധാന വിജയശില്‍പ്പിയായ മുഹമ്മദ് ഷമിയുടെ ബൗളിങ് മികവില്‍ തന്നെ ഇന്ത്യ ലോകകപ്പ് നേടുന്നതിനായി കാത്തിരിക്കാം.