ട്രിന്‍ബാഗോ ടീമിന്റെ ഡ്രസിങ് റൂമില്‍ കയറി; ദിനേശ് കാര്‍ത്തികിന് കാരണം കാണിക്കല്‍ നോട്ടീസ്
പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസിനെതിരായ ഉദ്ഘാടന മല്‍സരത്തിനിടെ ട്രിന്‍ബാഗോ ടീം പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം അവരുടെ ജേഴ്‌സിയും ധരിച്ച് താരമിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
മുംബൈ: കരീബിയന്‍ പ്രീമിയര്‍ ലീഗ് (സിപിഎല്‍) ടീമിന്റെ ഡ്രസിങ് റൂമില്‍ കയറിയതിന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തികക്കിന് ബിസിസിഐയുടെ കാരണം കാണിക്കല്‍ നോട്ടീസ്. ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ ഉടമയായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഡ്രസിങ് റൂമില്‍ പ്രവേശിച്ചതിനാണ് നടപടി. പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ സെന്റ് കിറ്റ്‌സ് ആന്റ് നെവിസിനെതിരായ ഉദ്ഘാടന മല്‍സരത്തിനിടെ ട്രിന്‍ബാഗോ ടീം പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലത്തിനൊപ്പം അവരുടെ ജേഴ്‌സിയും ധരിച്ച് താരമിരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
നിലവില്‍ കരാറുള്ള താരങ്ങള്‍ മറ്റു ഫ്രാഞ്ചൈസി ലീഗുകളുമായി സഹകരിക്കാന്‍ പാടില്ലെന്നാണ് നിയമം. ഇത്തരം കാര്യം ചെയ്യുംമുമ്പ് കാര്‍ത്തിക് ബിസിസിഐയുടെ അനുമതിയും വാങ്ങിയിരുന്നില്ല. ഇതോടെയാണ് ബിസിസിഐ വിശദീകരണം ആവശ്യപ്പെട്ടത്. നോട്ടീസില്‍ ഏഴുദിവസത്തിനകം മറുപടി നല്‍കണമെന്ന് ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്‌റി അറിയിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനാണ് കാര്‍ത്തിക്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിനുശേഷം താരത്തിന് ഇന്ത്യന്‍ ടീമില്‍ ഇടംനേടിയിട്ടില്ല.