മിന്നല്‍ വേഗം; ധോണിയുടെ സ്റ്റംപിങില്‍ അമ്പരന്ന് റോസ് ടെയ്‌ലര്‍ (വീഡിയോ കാണാം)
സ്റ്റംപിങ് വേഗത കൊണ്ട് പലപ്പോഴും അമ്പരപ്പിച്ചിട്ടുള്ള ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണിയുടെ മാസ്മരിക പ്രകടനം ഒരുവട്ടം കൂടി കണ്ട നിമിഷം.
ഓവല്‍: മൗണ്ട് മോന്‍ഗനുയിലെ ബേ ഓവല്‍ സ്‌റ്റേഡിയം അമ്പരന്നു നിന്ന സമയമായിരുന്നു അത്. സ്റ്റംപിങ് വേഗത കൊണ്ട് പലപ്പോഴും അമ്പരപ്പിച്ചിട്ടുള്ള ഇന്ത്യയുടെ മുന്‍ നായകന്‍ എം എസ് ധോണിയുടെ മാസ്മരിക പ്രകടനം ഒരുവട്ടം കൂടി കണ്ട നിമിഷം.
325 എന്ന ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനെ മറികടക്കാനുള്ള പെടാപ്പാടിലായിരുന്നു ന്യൂസിലന്റ്. ആദ്യ പവര്‍പ്ലേയില്‍ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റിലും കെയിന്‍ വില്യംസനും പവലിയനിലേക്കു മടങ്ങിയിരുന്നു. സ്പിന്നര്‍മാര്‍ വന്ന് അധികം വൈകാതെ കോളിന്‍ മണ്‍റോയും കളംവിട്ടു. റോസ് ടെയ്‌ലര്‍ക്കും ടോം ലഥാമിനും കടുത്ത സമ്മര്‍ദ്ദം സൃഷ്ടിച്ച സമയമായിരുന്നു അത്.
ഈ സമയത്താണ് റോസ് ടെയ്‌ലറെ സ്തബ്ധനാക്കിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പറുടെ ഇന്ത്രജാലം. കേദാര്‍ ജാദവിന്റെ ബോള്‍ ടെയ്‌ലറുടെ ബാറ്റിന്റെ ഔട്ട്‌സൈഡ് എഡ്ജ് തൊട്ടുരുമ്മി കടന്നുപോയി. മുന്നോട്ടാഞ്ഞ ടെയ്‌ലറുടെ ബാക്ക് ഫൂട്ട് സെക്കന്റിന്റെ നൂറിലൊരംശം സമയം മാത്രമേ ക്രീസില്‍ നിന്ന് ഉയര്‍ന്ന് നിന്നുള്ളു. പക്ഷേ, മാന്ത്രിക കരങ്ങളുള്ള ധോണിക്ക് അതുമതിയായിരുന്നു ബെയില്‍ തെറിപ്പിക്കാന്‍. ലെഗ് അംപയറോട് ധോണി അപ്പീല്‍ ചെയ്യുമ്പോഴും ടെയ്‌ലര്‍ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല.
സ്‌റ്റേഡിയത്തിലുള്ള ആവേശത്തിനു പുറമേ സോഷ്യല്‍ മീഡിയയിലും വലിയ കൈയടിയാണ് ധോണിയുടെ മിന്നല്‍ പ്രകടനത്തിന് ലഭിച്ചത്.