പഴയതില്‍ നിന്നു ക്രിക്കറ്റ് ഒരുപാട് മാറി. ഒന്നുകൂടി വിശാലമായി പറഞ്ഞാല്‍ പുതിയ കാലത്ത് ക്രിക്കറ്റ് ഒരുപാട് ചുരുങ്ങി. ഒരു പക്ഷേ, കാലം ആവശ്യപ്പെടുന്ന മാറ്റമായിരിക്കാം ഇത്. ഡിജിറ്റല്‍ യുഗമാണ്. ലോകം ചുരുങ്ങി ചുരുങ്ങി കൈവെള്ളയിലേക്ക് വരുന്ന കാലമാണ്. ഏകദിന ട്വന്റി 20 ലോകകപ്പ് മുതല്‍ ഏഷ്യാ, ആഷസ് ടൂര്‍ണമെന്റുകള്‍ വരെ വരും കാലത്ത് വീഡിയോ ഗെയിം രൂപത്തിലേക്ക് മാറില്ലെന്ന് ആര് കണ്ടു. സ്‌റ്റേഡിയങ്ങളും കളിക്കാരും ബാറ്റും ബോളും ഒന്നുമില്ലാത്ത ക്രിക്കറ്റ് മാമാങ്കങ്ങള്‍. ചിലതിന്റെ അസ്തമയത്തിന് കൂടി ക്രിക്കറ്റില്‍ പതിയെ പതിയെ തുടക്കം കുറിക്കപ്പെട്ടിട്ടുണ്ട്. അതിലൊന്നാണ് മല്‍സരങ്ങളുടെ നട്ടെല്ലുകളായ ഓള്‍ റൗണ്ടര്‍മാര്‍. വംശനാശത്തിന്റെ ആദ്യത്തെ പ്രഖ്യാപനം ലോകക്രിക്കറ്റിനെ നിയന്ത്രിക്കുന്ന ഇന്ത്യയില്‍ നിന്ന് തന്നെ വന്നിരിക്കുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് 2024 ലെ ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ ഇന്ത്യ ഒരുക്കിയിട്ടുള്ളത്. ഐപി എല്ലില്‍ ബാറ്റിങിലും ബോളിങിലും മാത്രമല്ല, മുംബൈ ടീമിന്റെ ക്യാപ്റ്റന്‍ എന്ന നിലയിലും പൂര്‍ണ പരാജയമായ ഹാര്‍ദിക് പാണ്ഡ്യയ്ക്കും ഇന്ത്യന്‍ ടീമില്‍ ഇടം ലഭിച്ചിരിക്കുന്നു. അതും ടീമിന്റെ ഉപനായകനായി. ഓള്‍ റൗണ്ടര്‍ എന്ന ഒറ്റക്കരണത്താലാണത്രേ ഇതൊക്കെ. മുങ്ങിയും പൊങ്ങിയും വലയിട്ടും ചൂണ്ടയിട്ടും ബിസിസിഐയ്ക്ക് മറ്റൊരു ഓള്‍റൗണ്ടറെ ഐപിഎല്ലില്‍ നിന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലത്രേ.
മാങ്കാദും ലാലാ അമര്‍നാഥും മൊഹിന്ദര്‍ അമര്‍നാഥും രവി ശാസ്ത്രിയും പ്രഭാകറും കപില്‍ ദേവും യുവരാജും പത്താനുമടക്കമുള്ള എണ്ണിയാല്‍ തീരാത്ത പ്രതിഭകള്‍ അലങ്കരിച്ച പദവിയിലേക്കൊരാളെ മഷിയിട്ടു നോക്കിയിട്ട് പാണ്ഡ്യയെ മാത്രമാണ് കിട്ടിയതെങ്കില്‍ വരും കാലങ്ങളില്‍ വിത്തിന് പോലും ഒരാളെ കിട്ടുമെന്ന് തോന്നുന്നില്ല. ട്വന്റി 20യിലെ സബ്സ്റ്റിട്ട്യൂട്ട് സംവിധാനത്തിലൂടെ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നത് ഓള്‍റൗണ്ടര്‍മാരുടെ വന്ധ്യംകരണമാണ്. ഇത് ഇന്ത്യയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ലെന്നുറപ്പാണ്. കീത്ത് മില്ലറില്‍ തുടങ്ങി ഇയാന്‍ ബോതം, റിച്ചാര്‍ഡ് ഹാര്‍ഡ്‌ലി, ജാക്ക് കല്ലിസ്, ഗര്‍ഫീല്‍ഡ് സോബെര്‍സ്, ഇംറാന്‍ ഖാന്‍ തുടങ്ങിയ നീണ്ടനിര തന്നെയുണ്ട് ലോക ക്രിക്കറ്റിലെ ഓള്‍ റൗണ്ടര്‍ പദവികളില്‍ രാജാക്കന്‍മാരായി വിലസിയവരില്‍.
സിക്‌സറുകള്‍ക്കും ബൗണ്ടറികള്‍ക്കും മാത്രം കമ്പോളത്തില്‍ വിലയുള്ള ക്രിക്കറ്റ് സംസ്‌കാരം വരുന്നതിന് മുന്നേ കളം വിട്ടവര്‍ എത്ര ഭാഗ്യവാന്മാര്‍. മൈതാനങ്ങളില്‍ ബാറ്റ് കൊണ്ട് കവിത രചിച്ചവരാണവര്‍. ആ കവിതകള്‍ ഇന്നും ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശമാണ്. ബ്രാഡ്മാന്‍, അസ്ഹറുദ്ദീന്‍, സച്ചിന്‍, ദ്രാവിഡ്, ലക്ഷ്മണ്‍, മഞ്ജരേക്കാര്‍ തുടങ്ങിവര്‍ മുതല്‍ സഹീര്‍ അബ്ബാസ്, മാര്‍ക്ക് വോ, സംഗക്കാര, മാര്‍ട്ടിന്‍ ക്രോ, ലാറ, വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഡേവിഡ് ഗോവര്‍ തുടങ്ങിയ ക്രിക്കറ്റിലെ മഹാന്മാര്‍.
നല്ല നല്ല ഓള്‍റൗണ്ടര്‍മാരും സ്‌റ്റൈലിഷ് ഷോട്ട് കളിക്കാന്‍ കഴിയുന്ന എത്രയോ ബാറ്റ്‌സ്മാന്‍മാരും ഐ പി എല്ലില്‍ കളിക്കുന്നവരില്‍ ഉണ്ടാവാം. പക്ഷേ, പത്തോവറില്‍ നൂറും കഴിഞ്ഞ് നൂറ്റമ്പതിലേക്കും 20 ഓവറില്‍ 300നടുത്തേക്കും സ്‌കോര്‍ എത്തിക്കൊണ്ടിരിക്കുന്ന പുതിയ കാലത്തില്‍ സ്‌റ്റൈലന്‍ ഷോട്ടുകള്‍ക്ക് സമയമെവിടെ...?. ഇനി ഇതൊക്കെ ഇന്ത്യന്‍ പിച്ചിലേ നടക്കൂ എന്ന് തോന്നുന്നവരോട്... കാടനടിക്ക് എന്ത് കണ്ടം എന്ത് മെല്‍ബണ്‍ !!!
എഴുത്ത്:
റിയാസ് കാഞ്ഞിരോട്