ഓവല്‍: ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ 104 റണ്‍സിന് തോല്‍പ്പിച്ച് ആതിഥേയരായ ഇംഗ്ലണ്ട് ആദ്യ ജയം കരസ്ഥമാക്കി. ജൊഫ്ര ആര്‍ച്ചറിന്റെ ബൗളിങും ബെന്‍ സ്റ്റോക്കിന്റെ ബാറ്റിങും ഒരു പോലെ തിളങ്ങിയപ്പോള്‍ ഇംഗ്ലണ്ട് കപ്പിലേക്കുള്ള ആദ്യ പടി കയറി.
ഇംഗ്ലണ്ട് നേടിയ 311 റണ്‍സ് പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 39.5 ഓവറില്‍ 207 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. ബാറ്റിങ് പിച്ചില്‍ കൂറ്റന്‍ സ്‌കോര്‍ പ്രതീക്ഷിച്ച ഇംഗ്ലണ്ടിനെ 311 ല്‍ ചുരുട്ടികെട്ടിയെങ്കിലും അത് പിന്തുടരാനുള്ള ബാറ്റിങ് മികവ് ആഫ്രിക്കന്‍ കരുത്തിനില്ലായിരുന്നു. ക്വിന്റണ്‍ ഡികോക്കിനും( 68), റാസ്സേ വാന്‍ ഡെര്‍ ഡസ്സനും (50) മാത്രമേ ആഫ്രിക്കന്‍ നിരയില്‍ തിളങ്ങാനായുള്ളൂ. ഹാഷിം അംല(13), എയ്ഡന്‍ മാര്‍ക്ക്രം(11), ഫഫ് ഡു പ്ലിസ്സിസ്(5), ഡുമിനി(8), ഡ്വിയ്ന്‍ പ്രിറ്റോറിയസ്(1), കഗിസോ റബാദേ(11), ലുങ്കി നിഗഡി(6), ആന്‍ഡിലേ (24) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ ബാറ്റിങ് പ്രകടനം. ബാറ്റിങിന് കരുത്തുപകരുന്ന പിച്ചില്‍ ആഫ്രിക്കന്‍ താരങ്ങള്‍ തകരുന്നതാണ് ഓവലിലെ ഗ്രൗണ്ടില്‍ കാണാനായത്. ഇംഗ്ലണ്ടിന് വേണ്ടി ജൊഫ്രാ ആര്‍ച്ചര്‍ മൂന്നും ലിയാം പ്ലങ്കറ്റ്, ബെന്‍ സ്റ്റോക്കസ് എന്നിവര്‍ രണ്ടും ആദില്‍ റാഷിദ്, മോയിന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങിനയക്കുകയായിരുന്നു. നിശ്ചിത 50 ഓവറില്‍ അവര്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തു. ബെന്‍ സ്‌റ്റോക്കസ് (89), ജേസണ്‍ റോയി(54), ജോ റൂട്ട് (51), ഇയോണ്‍ മോര്‍ഗന്‍(57) എന്നിവരുടെ ബാറ്റിങ് കരുത്തിലാണ് ഇംഗ്ലണ്ട് 311 റണ്‍സെടുത്തത്. ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി ലുങ്കി നിഗഡി മൂന്നും ഇമ്രാന്‍ താഹിര്‍, കഗിസോ റബാദ എന്നിവര്‍ രണ്ടും ആന്‍ഡിലേ ഒരു വിക്കറ്റും നേടി. മല്‍സരത്തിലെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തില്‍ വിക്കറ്റ് നേടി 40 കാരനായ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഇമ്രാന്‍ താഹിര്‍ ഇന്ന് മറ്റൊരു റെക്കോഡിന് അര്‍ഹനായി. ലോകകപ്പിലെ ആദ്യ ഓവറില്‍ വിക്കറ്റ് നേടുന്ന രണ്ടാമത്തെ ബൗളര്‍ എന്ന റെക്കോഡിനാണ് താഹിര്‍ അര്‍ഹനായത്.