ഗെയ്ക്ക്‌വാദും ഫഫ് ഡു പ്ലിസ്സിസും മറുപടി നല്‍കി; ചെന്നൈ കുതിക്കുന്നു

സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.

Update: 2021-04-28 18:15 GMT


ന്യൂഡല്‍ഹി: ഐപിഎല്ലിലെ ചെന്നൈ വീരഗാഥ തുടരുന്നു. ഇന്ന് നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന് പോയിന്റ് നിലയില്‍ വീണ്ടും ഒന്നാമതെത്തി. ചെന്നൈയുടെ തുടര്‍ച്ചയായ അഞ്ചാം ജയമാണ്. 172 റണ്‍സ് ലക്ഷ്യവച്ചിറങ്ങിയ ചെന്നൈപടയ്ക്കായി ഇന്ന് വെടിക്കെട്ട് കാഴ്ചവച്ചത് ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്ക്‌വാദും (44 പന്തില്‍ 75)ഫഫ് ഡു പ്ലിസ്സിസും (38 പന്തില്‍ 56) ആണ്. ജയിക്കാനായി ഇറങ്ങിയ പ്രകടനമാണ് തുടക്കംമുതല്‍ ഓപ്പണ്ണിങ് കൂട്ടുകെട്ട് നടത്തിയത്. മോയിന്‍ അലി 15 റണ്‍സെടുത്ത് പുറത്തായി. ജഡേജ(7), സുരേഷ് റെയ്‌ന (17) എന്നിവര്‍ പുറത്താവാതെ നിന്നു.18.3 ഓവറിലാണ് ചെന്നൈ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. സണ്‍റൈസേഴ്‌സിനായി റാഷിദ് ഖാന്‍ മൂന്ന് വിക്കറ്റ് നേടി.ഒരു ജയം മാത്രമുള്ള എസ്ആര്‍എച്ച് ലീഗില്‍ അവസാന സ്ഥാനത്താണ്.


ഡേവിഡ് വാര്‍ണറും (57), മനീഷ് പാണ്ഡെയും ചേര്‍ന്നാണ് ആദ്യം ബാറ്റ് ചെയ്ത എസ്ആര്‍എച്ചിന് മികച്ച സ്‌കോര്‍ നല്‍കിയത്. നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 171 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത എസ്ആര്‍എച്ചിനായി വാര്‍ണറും പാണ്ഡെയും മെല്ലെയാണ് തുടങ്ങിയത്. ഇതിനിടെ ബെയര്‍‌സ്റ്റോയുടെ(7) വിക്കറ്റ് ഹൈദരാബാദിന് പെട്ടെന്ന് നഷ്ടമായിരുന്നു. പതിയെ തുടങ്ങിയ വാര്‍ണറും പാണ്ഡെയും പിന്നീട് നിലയുറപ്പിക്കുകയായിരുന്നു. ഇരുവരും പുറത്തായതിന് ശേഷമെത്തിയ വില്ല്യംസണും ജാദവുമാണ് അവസാന ഓവറില്‍ വെടിക്കെട്ട് നടത്തിയത്. അവസാന രണ്ട് ഓവറില്‍ 33 റണ്‍സ് അടിച്ചെടുത്താണ് സണ്‍റൈസേഴ്‌സ് ഇന്നിങ്‌സ് അവസാനിപ്പിച്ചത്. കാനെ വില്ല്യംസണ്‍ പുറത്താവാതെ 10 പന്തില്‍ 26 റണ്‍സ് നേടി. കേദര്‍ ജാദവ് നാല് പന്തില്‍ 12 റണ്‍സ് നേടി.




Tags:    

Similar News