ഐപിഎല്‍; സണ്‍റൈസേഴ്‌സിനെ കടപുഴക്കി ഡല്‍ഹി ടോപ് വണ്ണില്‍
ശ്രേയസ് അയ്യര്‍ (47), ശിഖര്‍ ധവാന്‍ (42), ഋഷഭ് പന്ത് (35) എന്നിവരുടെ ടോപ് ക്ലാസ്സ് പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയമൊരുക്കിയത്.
ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഒന്നാം സ്ഥാനത്ത്. ഇന്ന് നടന്ന മല്‍സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് വീഴ്ത്തിയാണ് ഡല്‍ഹി ഒന്നാമതെത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ (47), ശിഖര്‍ ധവാന്‍ (42), ഋഷഭ് പന്ത് (35) എന്നിവരുടെ ടോപ് ക്ലാസ്സ് പ്രകടനമാണ് ഡല്‍ഹിക്ക് അനായാസ ജയമൊരുക്കിയത്. 135 റണ്‍സിന്റെ ലക്ഷ്യവുമായിറങ്ങിയ ഡല്‍ഹി 17.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ (139) ലക്ഷ്യം മറികടന്നു. തോല്‍വിയോടെ ഹൈദരാബാദിന്റെ ടോപ് ഫോര്‍ പ്രതീക്ഷകള്‍ പൂര്‍ണ്ണമായും അസ്തമിച്ചു.
ടോസ് നേടിയ ഹൈദരാബാദ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുക്കാനെ ഹൈദരാബാദിന് കഴിഞ്ഞുള്ളൂ. ഡേവിഡ് വാര്‍ണര്‍ (0) ഇന്ന് പൂര്‍ണ്ണമായും നിരാശപ്പെടുത്തി. സണ്‍റൈസേഴ്‌സ് നിരയില്‍ അബ്ദുല്‍ സമദ് (28)ആണ് ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ(18), കാനെ വില്ല്യംസണ്‍ (18), മനീഷ് പാണ്ഡെ (17) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. കഗിസോ റബാദെ മൂന്നും നോര്‍ട്ടജെ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയാണ് ഹൈദരാബാദിനെ പിടിച്ചുകെട്ടിയത്.