153കിമി വേഗത; ഐപിഎല്‍ റെക്കോഡ് ഉംറാന്‍ മാലിക്കിന് സ്വന്തം
145.97 വേഗതയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജാണ് മൂന്നാം സ്ഥാനത്തുള്ളത്.
അബുദാബി: ഐപിഎല്ലിലെ പുത്തന്‍ സെന്‍സേഷന്‍ കശ്മീരിന്റെ ഉംറാന്‍ മാലിക്കിന് വീണ്ടും റെക്കോഡ്. ഇന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മല്‍സരത്തില്‍ താരം 153 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിഞ്ഞതോടെയാണ് പുതിയ നേട്ടം. ഐപിഎല്‍ 2021 സീസണിലെ ഏറ്റവും വേഗതയേറിയ ബൗളിങ് ഉംറാന്റെ പേരിലായി. തന്റെ ആദ്യ മല്‍സരത്തില്‍ കൊല്‍ക്കത്തയ്‌ക്കെതിരെ 151 കിലോ മീറ്റര്‍ വേഗതയില്‍ ബൗള്‍ ചെയ്ത താരം വേഗതയേറിയ ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് അര്‍ഹനായിരുന്നു. ഈ സീസണില്‍ ഐപിഎല്ലിലെ ഏറ്റവും വേഗതയേറിയ ബൗളിങ് റെക്കോഡ് കൊല്‍ക്കത്തയുടെ ന്യൂസിലന്റ് താരം ലോക്കി ഫെര്‍ഗൂസന്റെ പേരിലായിരുന്നു(152.75). ഈ റെക്കോഡാണ് താരം ഇന്ന് തിരുത്തിയത്. 145.97 വേഗതയില്‍ ഇന്ത്യന്‍ താരം മുഹമ്മദ് സിറാജാണ് മൂന്നാം സ്ഥാനത്തുള്ളത്. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും വേഗതയുള്ള ഒരു ഇന്ത്യന്‍ താരത്തിന്റെ മികച്ച ബൗളിങ് എന്ന റെക്കോഡും 21കാരനായ ഉംറാന്‍ തന്റെ പേരിലാക്കി.
ബാംഗ്ലൂരിനെതിരായ മല്‍സരത്തിലെ ഒമ്പതാം ഓവറിലാണ് ഉംറാന്‍ റെക്കോഡ് നേട്ടം കൈവരിച്ചത്. ഇന്ന് താരം തന്റെ ഐപിഎല്ലിലെ ആദ്യ വിക്കറ്റും കരസ്ഥമാക്കിയിരുന്നു. ആര്‍സിബിയുടെ ശ്രീകാര്‍ ഭരതിന്റെ(12) വിക്കറ്റാണ് ഉംറാന്‍ നേടിയത്. ആദ്യ വിക്കറ്റ് നേട്ടത്തോടൊപ്പം ടീമിന്റെ വിജയത്തില്‍ പങ്കാളി ആയ ത്രില്ലില്‍ ആണ് കശ്മീരി താരം.