ഏഷ്യാ കപ്പ് ; ഹോങ്കോങിന് യോഗ്യത; യുഎഇ പുറത്ത്
ബൗളര്‍മാര്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തതും ഗ്രൗണ്ടിലെ മഞ്ഞുവീഴ്ചയും വിജയത്തിന് തടസ്സമായതായി യുഎഇ ക്യാപ്റ്റന്‍ റിസ്വാന്‍ പറഞ്ഞു
ഒമാന്‍: ഏഷ്യാ കപ്പിന് യോഗ്യത നേടാമെന്ന യുഎഇ ടീമിന്റെ മോഹങ്ങള്‍ക്ക് അവസാനം. കഴിഞ്ഞ ദിവസം നടന്ന യോഗ്യത മല്‍സരത്തില്‍ യുഎഇയെ പരാജയപ്പെടുത്തി ഹോങ്കോങ് യോഗ്യത നേടി. തുടര്‍ച്ചയായ മൂന്ന് ജയങ്ങളുമായാണ് ഹോങ്കോങ് യോഗ്യത നേടിയത്. എട്ട് വിക്കറ്റിന്റെ ജയമാണ് ടീം നേടിയത്. ഇന്ത്യയും പാകിസ്താനുമടങ്ങുന്ന ഗ്രൂപ്പ് ഒന്നിലാണ് ഹോങ്കോങ് കളിക്കുക.
147 റണ്‍സ് ലക്ഷ്യം ഹോങ്കോങ് 19 ഓവറില്‍ പിന്തുടര്‍ന്നു. ബൗളര്‍മാര്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുത്തതും ഗ്രൗണ്ടിലെ മഞ്ഞുവീഴ്ചയും വിജയത്തിന് തടസ്സമായതായി മലയാളിയായ യുഎഇ ക്യാപ്റ്റന്‍ ചുണ്ടങ്ങാപൊയില്‍ പുതിയപുരയില്‍ റിസ്വാന്‍ പറഞ്ഞു. ഈ അനുഭവത്തില്‍ നിന്ന് പാഠം ഉള്‍കൊണ്ട് ശക്തമായി തിരിച്ചുവരുമെന്നും താരം പറഞ്ഞു.