ഒരു ശ്രീലങ്കന്‍ വീരഗാഥ

എന്നാല്‍ എല്ലാ വെല്ലുവിളിയും അതിജീവിച്ച ശ്രീലങ്ക ഏഷ്യാ കപ്പിനായി ദുബായിലെത്തി.

Update: 2022-09-12 10:49 GMT


ലോക ക്രിക്കറ്റില്‍ ഒരു കാലത്തെ താരരാജക്കന്‍മാരായിരുന്നു ശ്രീലങ്ക. താരസമ്പന്നമായ ശ്രീലങ്കന്‍ ടീമിലെ താരങ്ങളെല്ലാം ഒന്നിനൊന്ന് വിലപ്പെട്ടതായിരുന്നു. ശ്രീലങ്കന്‍ ദേശീയ ടീമിന്റെ പേരിലും താരങ്ങളുടെ പേരിലും ഇല്ലാത്ത റെക്കോഡുകളും ഇല്ലായിരുന്നു. സനത് ജയസൂര്യ, ഡി സില്‍വ, കുമാര സംങ്കക്കാര, ചാമിന്ദ വാസ്, രണതുംഗ, മുത്തയ്യാ മുരളീധരന്‍ എന്നീ വന്‍മതിലുകളായിരുന്നു ലങ്കന്‍ ക്രിക്കറ്റിന്റെ നെടുംതൂണുകള്‍. എന്നാല്‍ ഈ പടയുടെ കാലം അവസാനിച്ചതോടെ ലങ്കന്‍ ക്രിക്കറ്റ് താഴെക്ക് വീണു. മികച്ച താരങ്ങളോ കോച്ചിങ് സ്റ്റാഫുകളോ ഇല്ലാതെ ലങ്കന്‍ ക്രിക്കറ്റ് തകരാന്‍ തുടങ്ങി. പിന്നീട് കൈയില്‍ എണ്ണാവുന്ന വിജയങ്ങള്‍ പോലുമില്ലാതെ അവര്‍ പിന്നോട്ടു പോയി. ഇത് പഴയ കഥ. എന്നാല്‍ എന്തും നേരിടാനുള്ള യുവതാരങ്ങളെ വാര്‍ത്തെടുത്ത് ശ്രീലങ്ക ഒരു ഫിക്‌സഡ് ടീമിനെ തയ്യാറാക്കി. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈ താരങ്ങളെ മാത്രം ഫോക്കസ് ചെയ്ത് അവര്‍ കളിച്ചു. ഈ നിരയാണ് കഴിഞ്ഞ ദിവസം സൂപ്പര്‍ ഫോമിലുള്ള പാകിസ്താനെ വീഴ്ത്തി ഏഷ്യന്‍ ക്രിക്കറ്റിലെ രാജക്കന്‍മാരായത്.



 ഏഷ്യാ കപ്പ് തുടങ്ങുമ്പോള്‍ ശ്രീലങ്കയ്ക്ക് ആരും കിരീട സാധ്യത കല്‍പ്പിച്ചിരുന്നില്ല. ഇന്ത്യയും പാകിസ്താനുമായിരുന്നു കിരീട ഫേവററ്റുകള്‍. എന്നാല്‍ ഏവരുടെയും പ്രതീക്ഷ തെറ്റിച്ചുകൊണ്ടാണ് ഇന്ത്യ സൂപ്പര്‍ ഫോറില്‍ പുറത്തായത്. പിന്നീട് കപ്പ് ഉറപ്പിച്ചതും പാകിസ്താനായിരുന്നു. എന്നാല്‍ ഫൈനലിന് മുമ്പുള്ള റിഹേഴ്‌സല്‍ എന്ന അറിയപ്പെട്ട സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ പാകിസ്താനെ തകര്‍ത്ത് അവര്‍ ഞെട്ടിച്ചു. തുടര്‍ന്നാണ് ഏവരും ലങ്കയ്ക്ക് സാധ്യത കല്‍പ്പിക്കാന്‍ തുടങ്ങിയത്.


ലങ്കന്‍ ടീമിന്റെ കിരീടനേട്ടത്തിന് പിന്നില്‍ നിരവധി പോരാട്ടങ്ങളുടെ കഥയുണ്ട്. അതിജീവനത്തിന്റെ കഥകളാണ് ലങ്കയ്ക്ക് പറയാനുള്ളത്. നേരത്തെ ഏഷ്യാ കപ്പ് നിശ്ചയിച്ചത് ശ്രീലങ്കയിലായിരുന്നു. എന്നാല്‍ അവിടെത്തെ രാഷ്ട്രീയ-സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്നാണ് ടൂര്‍ണ്ണമെന്റ് ദുബായിലേക്ക് മാറ്റുന്നത്. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സമയത്ത് ലങ്കന്‍ ടീമിന് ഏഷ്യാ കപ്പ് കളിക്കാനാവുമെന്നും കരുതിയില്ല. മണിക്കൂറുകള്‍ യാത്ര ചെയ്താണ് താരങ്ങള്‍ പരിശീലനത്തിനായി എത്തിയിരുന്നത്. പലര്‍ക്കും കൃത്രിമായി പരിശീലനം തുടരാനായില്ല. രാഷ്ട്രീയ സാഹചര്യങ്ങളെ തുടര്‍ന്ന് ടീം പ്രഖ്യാപനവും വൈകി.ടൂര്‍ണ്ണമെന്റില്‍ നിന്ന് അയോഗ്യരാകേണ്ടി വരുമെന്ന റിപ്പോര്‍ട്ടും വന്നിരുന്നു. എന്നാല്‍ എല്ലാ വെല്ലുവിളിയും അതിജീവിച്ച ശ്രീലങ്ക ഏഷ്യാ കപ്പിനായി ദുബായിലെത്തി.



 ആരും അവര്‍ക്ക് സാധ്യത കല്‍പ്പിച്ചില്ല. അഫ്ഗാന്‍, ബംഗ്ലാദേശ് എന്നിവരെ പോലെ ഇത്തരികുഞ്ഞന്‍മാരായി അവരെ കണ്ടു. ഏഷ്യാ കപ്പിലെ ആദ്യ മല്‍സരത്തില്‍ ബംഗ്ലാദേശിനെതിരേ രണ്ട് വിക്കറ്റ് ജയം നേടിയാണ് ലങ്ക തുടങ്ങിയത്. 183 റണ്‍സ് പിന്തുടര്‍ന്ന് കൊണ്ടായിരുന്നു ഈ ജയം. തുടര്‍ന്ന് അഫ്ഗാനിസ്താനെതിരേ നാല് വിക്കറ്റ് ജയം. 175 റണ്‍സാണ് ഈ മല്‍സരത്തില്‍ ലങ്ക പിന്തുടര്‍ന്നത്. ഈ രണ്ട് ഫലങ്ങളെയും ആരാധകര്‍ ഗൗനിച്ചില്ല. എന്നാല്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക ഇന്ത്യയെ ആറ് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ഇന്ത്യ മുന്നോട്ട് വച്ച 173 റണ്‍സ് ലക്ഷ്യം അവര്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ പിന്തുടര്‍ന്നു.


താരസമ്പന്നവും ഐപിഎല്‍ എന്നാ മെഗാ ടൂര്‍ണ്ണമെന്റിന്റെ പരിചയത്തിലും വന്നവരാണ് ഇന്ത്യ. പോരാത്തതിന് കഴിഞ്ഞ ട്വന്റി-20 ലോകകപ്പിന് ശേഷം ട്വന്റിയില്‍ അപരാജിത കുതിപ്പ് നടത്തി ലോക റാങ്കിങില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യ.ഇന്ത്യയെ തോല്‍പ്പിച്ചതോടെയാണ് ഏവരും ലങ്കയിലേക്ക് ദൃഷ്ടി മാറ്റിയത്. തുടര്‍ന്ന് സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തില്‍ പാകിസ്താനെയും പരാജയപ്പെടുത്തി. ഭാഗ്യം കൊണ്ടല്ല പ്രയ്തനം കൊണ്ടാണ് ടീം ഫൈനല്‍ വരെ എത്തിയതെന്ന് അവര്‍ തെളിയിച്ചു.



ശ്രീലങ്കന്‍ ടീമില്‍ ഒന്നോ രണ്ടോ താരങ്ങളല്ല പ്രധാനര്‍. ടീമിലെ എല്ലാ താരങ്ങളും വലിയവരാണ്. എല്ലാവരും ഓരോ മല്‍സരത്തിലെ ഹീറോകളാണ്. ടീമിനെ സ്ഥിരം ജയിപ്പിക്കുന്ന താരങ്ങളില്ല. എല്ലാവരും ടീമിന് മുതല്‍ക്കൂട്ടാണ്. ലങ്ക ഒരു ടീമായാണ് ഏഷ്യാ കപ്പില്‍ ഉടനീളം കളിച്ചത്. ഓരോ മല്‍സരത്തിലും അവര്‍ക്ക് ഓരോ ഹീറോകളായിരുന്നു.



 

ക്യാപ്റ്റന്‍ കൂളാണ് ദസുന്‍ ഷനക. മല്‍സരത്തിലെ ഒരു സമ്മര്‍ദ്ധവും താരത്തിന് ഉണ്ടാവില്ല. കൂള്‍ ക്യാപ്റ്റന്റെ നേതൃത്വം തന്നെയാണ് ലങ്കയുടെ കിരീട നേട്ടത്തിന് പിന്നില്‍. സഹതാരങ്ങള്‍ മികവ് പ്രകടിപ്പിച്ചാല്‍ ആദ്യം അഭിനന്ദിക്കാന്‍ ഓടിയെത്തുക ഷനകയാണ്. സഹതാരങ്ങള്‍ക്ക് അബദ്ധം സംഭവിച്ചാല്‍ അവരെ ഷോള്‍ഡറില്‍ തട്ടി ഹഗ്ഗ് ചെയ്യുക എന്നത് ഷനകയുടെ പതിവാണ്. ടീമിനെ ഒരു തരത്തിലും ഷനക സമ്മര്‍ദ്ധത്തിന് അടിമപ്പെടുത്താറില്ല. തനിക്കൊപ്പമാണ് ഷനക ടീമിനെ കൊണ്ടുപോവുന്നത്. ഷനകയുടെ ഇടപെടല്‍ തന്നെയാണ് ടീമിന്റെ കരുത്ത്. ഓള്‍ റൗണ്ടറായ ഷനകയുടെ ഇന്നിങ്‌സുകള്‍ തന്നെയാണ് ടീമിനെ ഏറെ വിലപ്പെട്ടത്. ഷനകയെ കൂടാതെ എടുത്ത പറയത്തക്ക താരങ്ങളാണ് ദില്‍ഷന്‍ മധുഷനക(പേസര്‍), പ്രമോദ് മധുഷന്‍(പേസര്‍) എന്നിവര്‍. പതും നിസന്‍ക-കുസാല്‍ മെന്‍ഡിസ് ലങ്കയുടെ ഏറ്റവും മികച്ച ബാറ്റിങ് കോമ്പോ. ഫയര്‍ ആന്റ് ഐസ് കോമ്പോ എന്നാണ് ഇവര്‍ അറിയപ്പെടുക. ഇവര്‍ നിലയുറപ്പിച്ചാല്‍ ലങ്കയ്ക്ക് ഭയപ്പെടാനില്ല.


 


ഈ ജയം സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട രാജ്യത്തിന് സമര്‍പ്പിക്കുന്നുവെന്നാണ് ഷനക പറയുന്നത്. ശ്രീലങ്കന്‍ ജനതയ്ക്ക് പുതു ഊര്‍ജ്ജം നല്‍കുന്നതാണ് ഈ ജയം. രാജ്യത്തെ അരക്ഷിതാവസ്ഥ കണ്ടും കേട്ടും കഴിഞ്ഞ ലങ്കന്‍ ടീമിന് എന്തും നേടാനുള്ള കരുത്തുണ്ട്. ഈ കരുത്തിന് മുന്‍നിര്‍ത്തി ക്യാപ്റ്റന്‍ പറയുന്നത് ലോകകപ്പും ഞങ്ങള്‍ നേടുമെന്നാണ്. ലങ്കന്‍ ക്രിക്കറ്റിന് ചരമകുറിപ്പെഴുതിയ ഇടത്തുനിന്നാണ് ടീം ഉയര്‍ത്തെഴുന്നേറ്റത്. ഇനി ഞങ്ങളെ തടയാനാവില്ലെന്നും ക്യാപ്റ്റന്‍ പറയുന്നു. ലോക ക്രിക്കറ്റിലെ മുടിചൂടാ മന്നന്‍മാരായിരുന്നു ലങ്ക ഇന്ന് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരികയാണ്. ആരാധകര്‍ കാത്തിരിക്കുകയാണ് വീണ്ടും ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ മാസ്മരിക ജയങ്ങള്‍ക്കായി.




 




Tags:    

Similar News