ചാംപ്യന്‍സ് ലീഗില്‍ ഞെട്ടിക്കുന്ന തോല്‍വിയുമായി മാഞ്ചസ്റ്റര്‍ സിറ്റി; തകര്‍ത്തത് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍; റയല്‍ മാഡ്രിഡും വീണു
ലിസ്ബണ്‍: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വന്‍ തോല്‍വി. പോര്‍ച്ചുഗല്‍ ക്ലബ്ബ് സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ ആണ് സിറ്റിയെ വീഴ്ത്തിയത്. മാഞ്ച്സറ്റര്‍ സിറ്റിയെ 4-1ന് തകര്‍ത്തത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പരിശീലകനായി ചുമതലയേല്‍ക്കാന്‍ പോവുന്ന റൂബന്‍ അമോറിമിന്റെ സ്പോര്‍ട്ടിങ് ലിസ്ബണ്‍. വിക്ടര്‍ ഗ്യോക്കേഴ്സിന്റെ പെനാല്‍റ്റിയാണ് സ്പോര്‍ട്ടിങിന്റെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. വിക്ടര്‍ സ്വീഡിഷ് താരമാണ്.
മറ്റൊരു ഗോള്‍ അറോജയുടെ വകയായിരുന്നു. സ്പോര്‍ട്ടിങിന് മുന്നില്‍ ഗത്യന്തരമില്ലാതെ കളിക്കുന്ന സിറ്റി താരങ്ങളെയാണ് ഇന്ന് ലിസ്ബണില്‍ കണ്ടത്.മല്‍സരത്തിന്റെ നാലാം മിനിറ്റില്‍ ഫില്‍ ഫോഡനാണ് സിറ്റിയ്ക്കായി ആദ്യ ഗോള്‍ നേടി ലീഡെടുത്തത്. പിന്നീട് സ്പോര്‍ട്ടിങ് കളം വാഴുകയായിരുന്നു.ചാംപ്യന്‍സ് ലീഗില്‍ പോയിന്റ് നിലയില്‍ സ്പോര്‍ട്ടിങ് രണ്ടാം സ്ഥാനത്തെത്തി.
മാഞ്ചസ്റ്റര്‍ സിറ്റി ആറാം സ്ഥാനത്താണ്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ കോച്ചായി ചുമതലയേറ്റ റൂബന്‍ അമോറിം സ്പോര്‍ട്ടിങ് ലിസ്ബണിന്റെ സിറ്റിയ്ക്കെതിരായ മല്‍സരത്തോടെ ടീമിന്റെ ചുമതലയില്‍ നിന്ന് രാജിവയ്ക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. സ്പോര്‍ട്ടിങിന് ചാംപ്യന്‍സ് ലീഗിലെ ഏറ്റവും മികച്ച വിജയം നല്‍കിയാണ് റൂബന്‍ വിട പറയുന്നത്.
മറ്റൊരു മല്‍സരത്തില്‍ റയല്‍ മാഡ്രിഡിന് വീണ്ടും തോല്‍വി. ചാംപ്യന്‍സ് ലീഗിലെ അധിപന്‍മാരെ ഇന്ന് വീഴ്ത്തിയത് ഇറ്റാലിയന്‍ പ്രമുഖര്‍ എസി മിലാനാണ്. 3-1നാണ് റയലിന്റെ പരാജയം.മലിക്ക് തിയാ, അല്‍വാരോ മൊറാട്ടോ, തിജാനി റെജിന്‍ഡേഴ്സ് എന്നിവരാണ് മിലാനായി സ്‌കോര്‍ ചെയ്തത്. റയലിന്റെ ആശ്വാസ ഗോള്‍ വിനീഷ്യസ് ജൂനിയറിന്റെ വകയായിരുന്നു. നാല് മല്‍സരങ്ങളില്‍ കഴിഞ്ഞപ്പോള്‍ റയല്‍ ലീഗില്‍ 17ാം സ്ഥാനത്താണ്.
ഇന്ന് നടന്ന മറ്റ് മല്‍സരങ്ങളില്‍ ലിവര്‍പൂള്‍ ബയേണ്‍ ലെവര്‍കൂസനെ എതിരില്ലാത്ത നാല് ഗോളിന് പരാജയപ്പെടുത്തി.കൊളംബിയന്‍ താരം ലൂയിസ് ഡയസ് മല്‍സരത്തില്‍ ഹാട്രിക്ക് നേടി. മറ്റൊരു ഗോള്‍ ഗോള്‍ ഗാക്പോയുടെ വകയായിരുന്നു. രണ്ട് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത് മുഹമ്മദ് സലാഹ് ആണ്. ജയത്തോടെ ലിവര്‍പൂള്‍ ചാംപ്യന്‍സ് ലീഗില്‍ ഒന്നാമത് തുടരുന്നു. മിലാന്‍ ലീഗില്‍ 18ാം സ്ഥാനത്താണ്.