ചാംപ്യന്‍സ് ലീഗ്; സാന്റിയാഗോയില്‍ റയല്‍ തന്നെ; ഗ്വാര്‍ഡിയോളുടെ ശിഷ്യന്‍മാരെ പുറത്താക്കി റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍

മാഡ്രിഡ്: മാഞ്ചസ്റ്റര്‍ സിറ്റിയുടെ ചാംപ്യന്‍സ് ലീഗ് സ്വപ്‌നങ്ങള്‍ക്ക് വിരാമം. ചാംപ്യന്‍സ് ലീഗ് അതികായകരായ റയലിന് മുന്നില്‍ സ്വപ്‌നങ്ങള്‍ അവസാനിപ്പിച്ച് പെപ്പ് ഗ്വാര്‍ഡിയോളയുടെ ശിഷ്യന്‍മാര്‍ ഇംഗ്ലണ്ടിലേക്ക് തിരിച്ചു. രണ്ടാം പാദ നോക്കൗട്ട് പ്ലേ ഓഫ് പോരാട്ടത്തില്‍ അവര്‍ റയല്‍ മാഡ്രഡിനോടു 3-1ന്റെ തോല്‍വി വഴങ്ങി. ഇരു പാദ പോരില്‍ 6-2 എന്ന അഗ്രിഗെറ്റിലാണ് ടീം തോല്‍വി വഴങ്ങിയത്. ജയത്തോടെ റയല്‍ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചു.
സ്വന്തം മൈതാനമായ സാന്റിയാഗോ ബെര്‍ണാബ്യുവില്‍ കിലിയന്‍ എംബാപ്പെയുടെ ഹാട്രിക്കാണ് റയല്‍ ജയം അനായാസമാക്കിയത്. ഇഞ്ചുറി സമയത്ത് ഒരു ഗോള്‍ മടക്കാന്‍ സാധിച്ചു എന്നതു മാത്രമാണ് രണ്ടാം പദത്തില്‍ സിറ്റിക്ക് ഓര്‍ക്കാനുള്ളത്. കളിയിലുടനീളം എംബാപ്പെ അവരെ വട്ടം കറക്കുന്ന കാഴ്ചയായിരുന്നു.

കളി തുടങ്ങി 4ാം മിനിറ്റില്‍ തന്നെ അതിമനോഹരമായി പന്ത് ചിപ്പ് ചെയ്ത് വലയിലാക്കി. 33ാം മിനിറ്റില്‍ താരം രണ്ടാം ഗോളും നേടി. ബോക്സിനകത്തു നിന്നു സിറ്റി പ്രതിരോധത്തെ വെട്ടിച്ച് തന്ത്രപരമായി താരം പന്ത് വയലിലാക്കുകയായിരുന്നു. 61ാം മനിറ്റിലാണ് മൂന്നാം ഗോള്‍ നേടിയത്. ബോക്സിന്റെ വലതു മൂലയില്‍ നിന്നു താരം തൊടുത്ത നെടനീളന്‍ ഷോട്ട് സിറ്റി ബോക്സിന്റെ ഇടത് മൂലയിലേക്ക് കയറുകയായിരുന്നു. ഇഞ്ചുറി സമയത്ത് നിക്കോ ഗോണ്‍സാലസാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ വലയിലാക്കിയത്.
റൗള്‍ അസാന്‍സിയോ, റൊഡ്രിഗോ, വാല്‍വര്‍ഡേ എന്നിവരാണ് ഗോളുകള്‍ക്ക് അസിസ്റ്റ് ഒരുക്കിയത്. 2012-13 സീസണിന് ശേഷം ആദ്യമായാണ് സിറ്റി പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്താവുന്നത്.മറ്റ് മല്‍സരങ്ങളില്‍ ബ്രീസ്റ്റിനെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ പരാജയപ്പെടുത്തി പിഎസ്ജിയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഇരുപാദങ്ങളിലുമായി 10 ഗോളുകളാണ് പിഎസ്ജി അടിച്ചത്. ഇറ്റാലിയന്‍ പ്രമുഖരായ യുവന്റസിനെ ഡച്ച് ക്ലബ്ബ് പിഎസ് വി ഐന്തോവന്‍ പരാജയപ്പെടുത്തി പ്രീക്വാര്‍ട്ടറില്‍ സ്ഥാനം ഉറപ്പിച്ചിച്ചു. സ്‌പോര്‍ട്ടിങ് ലിസ്ബണെ പരാജയപ്പെടുത്തി ബോറൂസിയാ ഡോര്‍ട്ട്മുണ്ടും പ്രീക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.
പ്രീ ക്വാര്‍ട്ടര്‍ ലൈനപ്പും ഇതോടെ തെളിഞ്ഞു. ബെന്‍ഫിക്ക, ക്ലബ് ബ്രുഗ്ഗെ, ബയേണ്‍ മ്യൂണിക്ക്, ബൊറൂസിയ ഡോര്‍ട്മുണ്ട്, റയല്‍ മാഡ്രിഡ്, പിഎസ്ജി, പിഎസ്വി ഐന്തോവന്‍, ഫെയനൂര്‍ദ് ടീമുകളാണ് നോക്കൗട്ട് മത്സരം ജയിച്ച് അവസാന 16 ഉറപ്പിച്ചത്. പ്രാഥമിക റൗണ്ട് വിജയിച്ച് ആദ്യ എട്ടില്‍ ഇടം കണ്ടെത്തിയവര്‍ നേരത്തെ പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചിരുന്നു.