ഓവല്‍: ലോകകപ്പ് സെമിയില്‍ പ്രവേശിക്കുന്ന നാലാം ടീമായി ന്യൂസിലന്റ്. ഇന്ന് ബംഗ്ലാദേശിനെതിരേ കൂറ്റന്‍ റണ്‍സ് ലക്ഷ്യമാക്കിയ പാകിസ്താന് ആദ്യം ബാറ്റ് ചെയ്തപ്പോള്‍ 315 റണ്‍സ് നേടാനെ സാധിച്ചുള്ളൂ. നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്താന്‍ 315 റണ്‍സെടുത്തത്. സെമിയില്‍ പ്രവേശിക്കണമെങ്കില്‍ 450 റണ്‍സിന് മുകളില്‍ പാകിസ്താന്‍ സ്‌കോര്‍ ചെയ്യണമായിരുന്നു. അല്ലാത്ത പക്ഷം ബംഗ്ലാദേശിനെ ഏഴ് റണ്‍സിന് തോല്‍പ്പിക്കണം. ഇത് രണ്ടും നടക്കാത്തതിനെ തുടര്‍ന്നാണ് പാകിസ്താനെ പിന്‍തള്ളി റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്റ് നാലാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിച്ചത്.
ഇന്ന് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താന്‍ ഇമാം ഉള്‍ ഹക്ക്(100), ബാബര്‍ അസം(96), ഇമാദ് വസീം(43) എന്നിവരുടെ മികവില്‍ 315 റണ്‍സെടുക്കുകയായിരുന്നു. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമാക്കിയ പാകിസ്താനെ അഞ്ച് വിക്കറ്റ് നേടിയ മുസ്തഫിസുര്‍ റഹ്മാനും മൂന്ന് വിക്കറ്റ് നേടിയ മുഹമ്മദ് സെയ്ഫുദ്ദീനും ചേര്‍ന്ന് 315ല്‍ ഒതുക്കുകയായിരുന്നു.
ബംഗ്ലാദേശ് നേരത്തെ ലോകകപ്പില്‍ നിന്നും പുറത്തായിരുന്നു. മറുപടി ബാറ്റിങ് തുടങ്ങിയ ബംഗ്ലാദേശിനായി തമീം ഇഖ്ബാലും സൗമ്യാ സര്‍ക്കാരുമാണ് ബാറ്റ് ചെയ്യുന്നത്. മൂന്ന് ഓവര്‍ പിന്നിടുമ്പോള്‍ ബംഗ്ലാദേശ് 15 റണ്‍സെടുത്തിട്ടുണ്ട്.