ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍; ഓസിസിന് കാത്തിരിക്കണം

Update: 2024-06-24 18:55 GMT

സെന്റ് ലൂസിയ: ട്വന്റി-20 ലോകകപ്പില്‍ സെമി ഫൈനലില്‍ പ്രവേശിച്ച് ഇന്ത്യ. സൂപ്പര്‍ എട്ടില്‍ നിര്‍ണായക മത്സരത്തില്‍ ഓസ്ട്രേലിയയെ 24 റണ്‍സിന് തോല്‍പ്പിച്ചാണ് ഇന്ത്യ സെമിയിലെത്തുന്നത്. സെന്റ് ലൂസിയയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് നേടിയത്. രോഹിത് ശര്‍മയുടെ (41 പന്തില്‍ 92) ഇന്നിംഗ്സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ ഓസീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുക്കാനാണ് സാധിച്ചത്. 43 പന്തില്‍ 76 റണ്‍സ് നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റ് നേടി.

തോല്‍വിയോടെ ഓസീസിന്റെ സെമി പ്രവേശനം തുലാസിലായി. മൂന്ന് മത്സരങ്ങളില്‍ നാല് പോയിന്റാണ് അവര്‍ക്ക്. നാളെ ബംഗ്ലാദേശിനെ തോല്‍പ്പിച്ചാല്‍ അഫ്ഗാനിസ്ഥാന്‍ സെമിയില്‍ കടക്കും. ബംഗ്ലാദേശ് കൂറ്റന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രമെ സെമിയില്‍ കടക്കൂ. ഓസീസ് സെമിയിലെത്തണമെങ്കില്‍ ബംഗ്ലാദേശുമായി അഫ്ഗാന്‍ തോല്‍ക്കണം. എന്നാല്‍ ബംഗ്ലാദേശ്, ഓസീസിന്റെ നേറ്റ് റണ്‍റേറ്റ് മറിടകടക്കന്ന് ജയിക്കാനും പാടില്ല.

ട്രാവിസ് ഹെഡ് ഒഴികെ മിച്ചല്‍ മാര്‍ഷ് (28 പന്തില്‍ 37) മാത്രമാണ് ഓസീസ് നിരയില്‍ അല്‍പമെങ്കിലും പിടിച്ചുനിന്നത്. ഇരുവരും ക്രീസില്‍ നിന്നപ്പോള്‍ അവര്‍ക്ക് വിജയസാധ്യതയും ഉണ്ടായിരുന്നു. എന്നാല്‍ കുല്‍ദീപ് യാദവ്, മാര്‍ഷിനെ പുറത്താക്കിയതോടെ കാര്യങ്ങള്‍ ഇന്ത്യയുടെ വരുതിയിലായി. ഡേവിഡ് വാര്‍ണര്‍ (6), ഗ്ലെന്‍ മാക്സ്വെല്‍ (20), മാര്‍കസ് സ്റ്റോയിനിസ് (2), ടിം ഡേവിഡ് (15), മാത്യു വെയ്ഡ് (1) എന്നിവര്‍ക്കാര്‍ക്കും തിളങ്ങാനായില്ല. പാറ്റ് കമ്മിന്‍സ് (11), മിച്ചല്‍ സ്റ്റാര്‍ക്ക് (4) പുറത്താവാതെ നിന്നു.

ടോസ് ലഭിച്ച ഓസിസ് ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. തുടക്കം ഇന്ത്യയ്ക്ക് മോശമായിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ ആറ് റണ്‍സുള്ളപ്പോള്‍ കോഹ് ലി മടങ്ങി. അഞ്ച് പന്തുകള്‍ നേരിട്ട കോലിക്ക് റണ്‍സൊന്നും നേടാന്‍ സാധിച്ചില്ല. ഹേസല്‍വുഡിനായിരുന്നു വിക്കറ്റ്. പിന്നീട് രോഹിത് - റിഷഭ് പന്ത് (14 പന്ത് 15) സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. എട്ടാം ഓവറിന്റെ അവസാന പന്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെ സ്റ്റോയിനിസ് മടങ്ങി. പിന്നീട് സൂര്യകുമാര്‍ യാദവിനൊപ്പം (16 പന്തില്‍ 31) 34 റണ്‍സ് ചേര്‍ത്താണ് രോഹിത് മടങ്ങിയത്. എട്ട് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിംഗ്സ്.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ഓരോവറില്‍ നാല് സിക്സുകളാണ് രോഹിത് പറത്തിയത്. സൂര്യക്ക് പിന്നാലെ ശിവം ദുബെയും (22 പന്തില്‍ 28) പിന്നീട് പുറത്തായി. ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 27), രവീന്ദ്ര ജഡേജ (5 പന്തില്‍ 9) പുറത്താവാതെ നിന്നു. അഞ്ച് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ഓസീസിന് വേണ്ടി മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍കസ് സ്റ്റോയിനിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഒരു വിക്കറ്റെടുത്ത ജോഷ് ഹേസല്‍വുഡ് നാല് ഓവറില്‍ 14 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്.



Tags:    

Similar News