ഗയാനയില്‍ മഴ, ഇന്ത്യ -ഇംഗ്ലണ്ട് സെമി ഫൈനല്‍ നിര്‍ത്തിവച്ചു

Update: 2024-06-27 17:42 GMT

ഗയാന: ട്വന്റി20 ലോകകപ്പിലെ ഇന്ത്യ -ഇംഗ്ലണ്ട് സെമി ഫൈനല്‍ പോരാട്ടം മഴ കാരണം വീണ്ടും തടസ്സപ്പെട്ടു. എട്ട് ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 65 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും (26 പന്തില്‍ 37), സൂര്യകുമാര്‍ യാദവുമാണ് (ഏഴു പന്തില്‍ 13) പുറത്താകാതെനില്‍ക്കുന്നത്. ഗയാനയില്‍ കനത്ത മഴ തുടരുകയാണ്.

മഴ കാരണം മത്സരത്തിന്റെ ടോസ് അടക്കം വൈകിയിരുന്നു. കളി തുടങ്ങിയതിനു പിന്നാലെ വീണ്ടും മഴയെത്തുകയായിരുന്നു. ഒന്‍പതു പന്തുകളില്‍ ഒന്‍പതു റണ്‍സെടുത്ത കോലി പേസര്‍ റീസ് ടോപ്‌ലിയുടെ പന്തില്‍ ബോള്‍ഡാകുകയായിരുന്നു. നാലു റണ്‍സെടുത്ത ഋഷഭ് പന്തിനെ ജോണി ബെയര്‍‌സ്റ്റോ ക്യാച്ചെടുത്തും മടക്കി. പവര്‍പ്ലേയില്‍ 46 റണ്‍സാണ് ഇന്ത്യ നേടിയത്.

മഴ മത്സരം തടസ്സപ്പെടുത്തിയാല്‍ കളി തുടരാന്‍ 7 മണിക്കൂര്‍ വരെ അധിക സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ മത്സരത്തിന് റിസര്‍വ് ഡേ അനുവദിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ മഴമൂലം സെമിഫൈനല്‍ ഉപേക്ഷിക്കേണ്ടിവന്നാല്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായ ഇന്ത്യ ഫൈനലില്‍ കടക്കും.

ടൂര്‍ണമെന്റിലെ അപരാജിത കുതിപ്പിന്റെ കരുത്തിലാണ് ഇന്ത്യ ഇന്ന് സെമിപോരാട്ടത്തിന് ഇറങ്ങുന്നതെങ്കില്‍ ഗ്രൂപ്പ് സ്റ്റേജിലും സൂപ്പര്‍ 8ലും അപ്രതീക്ഷിത തോല്‍വി നേരിട്ടാണ് ഇംഗ്ലണ്ടിന്റെ വരവ്. സ്പിന്നര്‍മാരുടെ പറുദീസയാണ് ഗയാന സ്റ്റേഡിയം.




Tags:    

Similar News