ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ; എട്ട് മാസം; സീറോ ടു ഹീറോ
ഇപ്പോളിതാ ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റുകളിലെയും സ്ഥിര സാന്നിധ്യമാവുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡും അഭിപ്രായപ്പെടുന്നു.
ഡല്‍ഹി: നാളെ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായി അരങ്ങേറുക ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക്ക് പാണ്ഡെ. മോശം ഫോമിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് ടീമില്‍ നിന്ന് പുറത്തായ ഹാര്‍ദ്ദിക്ക് എട്ട് മാസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തുന്നത് വൈസ് ക്യാപ്റ്റനായി. ഹാര്‍ദ്ദിക്കിനെ ടീമില്‍ നിന്ന് പുറത്താക്കാന്‍ ആവശ്യപ്പെട്ടവര്‍ ഇന്ന് ഹാര്‍ദ്ദിക്കിനെ ടീം ഇന്ത്യയുടെ ക്യാപ്റ്റനാക്കാന്‍ ആവശ്യപ്പെടുകയാണ്. 2021 നവംബര്‍ എട്ടിന് ട്വന്റി-20 ലോകകപ്പിലാണ് ഹാര്‍ദ്ദിക്ക് ഇന്ത്യയ്ക്കായി അവസാനമായി കളിച്ചത്. തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താവുകയായിരുന്നു. 2021 ജൂലായില്‍ ശ്രീലങ്കയ്‌ക്കെതിരേയാണ് ഏകദിനത്തില്‍ അവസാനമായി ഇറങ്ങിയത്. ടെസ്റ്റിലാവട്ടെ ഇംഗ്ലണ്ടിനെതിരേ 2018ലും. ഇപ്പോളിതാ ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ മൂന്ന് ഫോര്‍മാറ്റുകളിലെയും സ്ഥിര സാന്നിധ്യമാവുമെന്ന് കോച്ച് രാഹുല്‍ ദ്രാവിഡും അഭിപ്രായപ്പെടുന്നു. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച് കിരീടത്തിലെത്തിച്ചാണ് ഹാര്‍ദ്ദിക്ക് തിരിച്ചുവരവ് നടത്തിയത്.