പരമ്പര തൂത്തുവാരി ഇന്ത്യ; വിന്‍ഡീസിനെതിരേ 96 റണ്‍സ് ജയം

കരീബിയന്‍സ് 37.1 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു.

Update: 2022-02-11 16:49 GMT



അഹ്‌മാദാബാദ്: വെസ്റ്റ്ഇന്‍ഡീസിനെതിരായ മൂന്നാം ഏകദിനവും ജയിച്ച് ഇന്ത്യ ഏകദിന പരമ്പര തൂത്തുവാരി. അവസാന ഏകദിനത്തില്‍ 96 റണ്‍സിന്റെ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടി. ദീപക് ചാഹര്‍, കുല്‍ദ്ദീപ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും കരസ്ഥമാക്കി. സന്ദര്‍ശക നിരയില്‍ ഒഡീന്‍ സ്മിത്ത് (36), നിക്കോളസ് പൂരന്‍ (34), ജോസഫ് (29) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്. 266 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് കുതിച്ച കരീബിയന്‍സ് 37.1 ഓവറില്‍ 169 റണ്‍സിന് പുറത്താവുകയായിരുന്നു.


നേരത്തെ ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 50 ഓവറില്‍ സന്ദര്‍ശകര്‍ 265 റണ്‍സിന് പുറത്തായി. ശ്രേയസ് അയ്യര്‍ (80), ഋഷഭ് പന്ത് (56) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടിയ മല്‍സരത്തില്‍ ദീപക് ചാഹര്‍ (38), വാഷിങ്ടണ്‍ സുന്ദര്‍(33) എന്നിവരും തിളങ്ങി.


അതിനിടെ നീണ്ട ഇടവേളയ്ക്ക് ശേഷം വിരാട് കോഹ്‌ലിയുടെ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകര്‍ക്ക് വീണ്ടും നിരാശ ആയിരുന്നു ഫലം. ഇന്ന് തോരം പുറത്തായത് പൂജ്യത്തിനാണ്. ആദ്യ രണ്ട് ഏകദിനത്തില്‍ 8, 18 എന്ന നിലയിലാണ് കോഹ്‌ലി പുറത്തായത്. ഇന്ന് പൂജ്യത്തിന് പുറത്തായതോടെ ഏറ്റവും കൂടുതല്‍ തവണ റണ്ണൊന്നുമെടുക്കാതെ പുറത്തായ രണ്ടാമത്തെ ഇന്ത്യന്‍ താരമെന്ന നാണക്കേടിന്റെ റെക്കോഡും(32) മുന്‍ ക്യാപ്റ്റന്റെ പേരിലായി. 34 തവണ പുറത്തായ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ റെക്കോഡില്‍ ഒന്നാമതും 31 തവണ പുറത്തായ സെവാഗ് രണ്ടാമതുമാണ്. പുറത്താവലിനെ തുടര്‍ന്ന് കോഹ്‌ലിയോട് വിശ്രമം എടുക്കാനും യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനുമാണ് ട്വിറ്ററില്‍ ആരാധകര്‍ ആവശ്യപ്പെട്ടത്.




Tags:    

Similar News