രോഹിത്ത് ശര്‍മ്മയ്ക്ക് സെഞ്ചുറി; ലോകകപ്പില്‍ ടീം ഇന്ത്യയ്ക്ക് വിജയതുടക്കം
228 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 47.3 ഓവറില്‍ 230 റണ്‍സെടുത്ത് വിജയം വരുതിയിലാക്കി. 144 പന്തില്‍ നിന്നാണ് പുറത്താവാതെ രോഹിത്ത് 122 റണ്‍സെടുത്തത്.
സൗത്താംട്ണ്‍: ഹിറ്റ്മാന്‍ രോഹിത്ത് ശര്‍മ്മയുടെ സെഞ്ചുറിയോടെ ലോകകപ്പില്‍ ഇന്ത്യയ്ക്ക് ആദ്യ ജയം. മൂന്നാം മല്‍സരമെങ്കിലും ജയിക്കാമെന്ന പ്രതീക്ഷയില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ആറു വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്. 228 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 47.3 ഓവറില്‍ 230 റണ്‍സെടുത്ത് വിജയം വരുതിയിലാക്കി. 144 പന്തില്‍ നിന്നാണ് പുറത്താവാതെ രോഹിത്ത് 122 റണ്‍സെടുത്തത്.
തുടക്കം തന്നെ ശിഖര്‍ ധവാനെ (8) പുറത്താക്കി ദക്ഷിണാഫ്രിക്ക ഇന്ത്യയെ ഞെട്ടിച്ചു. തുടര്‍ന്ന് വന്ന ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കും(18) ഏറെയൊന്നും കൂട്ടിച്ചേര്‍ക്കാന്‍ ആയില്ല. രോഹിത്തിന് തുണയായി പിന്നീട് വന്ന കെ എല്‍ രാഹുല്‍ (26) റണ്‍സെടുത്തു. രാഹുലിന് ശേഷം ധോണി 34 റണ്‍സെടുത്ത് മികച്ച പിന്തുണയും നല്‍കി. ഏഴ് പന്തില്‍ 15 റണ്‍സെടുത്ത വെടിക്കെട്ട് താരം ഹാര്‍ദ്ദിക്ക് പാണ്ഡ്യയും ടീം ജയത്തില്‍ മികച്ച സംഭാവന നല്‍കി. രോഹിത്ത് ശര്‍മ്മയാണ് മാന്‍ ഓഫ് ദി മാച്ച്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ രണ്ടും ക്രിസ് മോറിസ്, ആന്‍ഡിലേ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 227 റണ്‍സെടുത്തു. യുസ്‌വേന്ദ്ര ചാഹലിന്റെ നാലു വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ കാരണമായത്. കൂടാതെ ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റും നേടി ഇന്ത്യക്ക് കരുത്തേകി. ഫഫ് ടു പ്ലിസ്സിസ് (38), ഡേവിഡ് മില്ലര്‍(31), ആന്‍ഡിലേ (34) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി മികച്ച ബാറ്റിങ് കാഴ്ചവച്ചത്. ക്രിസ് മോറിസ്(42), കഗിസോ റബാദ(31) എന്നിവരുടെ ബാറ്റിങാണ് അവസാന ഓവറുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്.