ഷിറീന്‍ അബു അക്ലേയുടെ അരുംകൊല; അല്‍ ജസീറ ഇസ്രായേലിനെതിരേ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്ക്

അന്താരാഷ്ട്ര വിദഗ്ധര്‍ക്കൊപ്പം നിയമസംഘം ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സഖ്യം രൂപീകരിച്ചതായും ഐസിസി പ്രോസിക്യൂട്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനായി അബു അക്ലേയുടെ കൊലപാതകത്തെക്കുറിച്ചുള്ള രേഖകള്‍ തയ്യാറാക്കി വരികയാണെന്നും അല്‍ജസീറ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2022-05-27 06:45 GMT

ഹേഗ്: തങ്ങളുടെ ഫലസ്തീന്‍ പ്രതിനിധി ഷിറീന്‍ അബു അക്ലയെ ഇസ്രായേല്‍ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കാന്‍ നിയമ സംഘത്തെ നിയോഗിച്ച് അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക്.

അന്താരാഷ്ട്ര വിദഗ്ധര്‍ക്കൊപ്പം നിയമസംഘം ഉള്‍പ്പെടുന്ന ഒരു അന്താരാഷ്ട്ര സഖ്യം രൂപീകരിച്ചതായും ഐസിസി പ്രോസിക്യൂട്ടര്‍ക്ക് സമര്‍പ്പിക്കുന്നതിനായി അബു അക്ലേയുടെ കൊലപാതകത്തെക്കുറിച്ചുള്ള രേഖകള്‍ തയ്യാറാക്കി വരികയാണെന്നും അല്‍ജസീറ പ്രസ്താവനയില്‍ പറഞ്ഞു.

അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിന്‍ അഭയാര്‍ത്ഥി ക്യാംപിന് സമീപം മെയ് 11ന് ഇസ്രായേല്‍ സേന അബു അക്ലേയെ കൊലപ്പെടുത്തിയതിന് പുറമേ, 2021 മെയ് മാസത്തില്‍ ഗസയിലെ അല്‍ ജസീറയുടെ ഓഫിസ് ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ 'സമ്പൂര്‍ണമായി നശിപ്പിച്ചതും' ഐസിസിയുടെ മുന്നിലെത്തിക്കും. കൂടാതെ, അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ജസീറ പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള 'നിരന്തരമായ പ്രേരണകളും ആക്രമണങ്ങളും' ഐസിസിയുടെ ശ്രദ്ധയില്‍ കൊണ്ടുവരും.

യുദ്ധമേഖലകളിലോ അധിനിവേശ പ്രദേശങ്ങളിലോ ജോലി ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ കൊല്ലുകയോ ശാരീരികമായി ആക്രമിക്കുകയോ ചെയ്യുന്നത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചാര്‍ട്ടറിലെ ആര്‍ട്ടിക്കിള്‍ 8 പ്രകാരം യുദ്ധക്കുറ്റമാണെന്ന് അല്‍ ജസീറ നെറ്റ്‌വര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രൊഫഷണല്‍ ജേണലിസ്റ്റായി 25 വര്‍ഷമായി നെറ്റ്‌വര്‍ക്കിനൊപ്പം പ്രവര്‍ത്തിച്ച ഞങ്ങളുടെ സഹപ്രവര്‍ത്തക ഷിറിന്‍ അബു അക്ലേയുടെ കൊലപാതകത്തെ അപലപിക്കുന്നതായും അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു.

'ഷിറീനിന് നീതി ലഭിക്കുന്നതിന് എല്ലാ വഴികളും പിന്തുടരുമെന്നും അവളുടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും അല്‍ജസീറ വ്യക്തമാക്കി.

Tags:    

Similar News