നാണക്കേട് മാറ്റാന്‍ ടീം ഇന്ത്യ നാളെ അവസാന അങ്കത്തിനിറങ്ങും
പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ മല്‍സരത്തിലെ തോല്‍വി ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്
വെല്ലിങ്ടണ്‍: പരമ്പര ജയിച്ചെങ്കിലും കഴിഞ്ഞ മല്‍സരത്തിലേറ്റ നാണക്കേടിനു പകരം വീട്ടാന്‍ ടീം ഇന്ത്യ ന്യൂസിലന്റിനെതിരായ അവസാന ഏകദിനത്തിന് നാളെയിറങ്ങും. പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയെങ്കിലും കഴിഞ്ഞ മല്‍സരത്തിലെ തോല്‍വി ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയിട്ടുണ്ട്. ഏതുവിധേനയും നാളത്തെ മല്‍സരം ജയിച്ച് പരമ്പരയില്‍ മൂന്നേറാനാണ് സന്ദര്‍ശകരുടെ ലക്ഷ്യം. എന്നാല്‍ ആതിഥേയരാവട്ടെ നാളത്തെ മല്‍സരം ജയിച്ച് പരമ്പര കൈവിട്ടതിന്റെ ആഘാതം തീര്‍ക്കാനാണ് ഇറങ്ങുക. കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ കളിക്കാതിരുന്ന ധോണി ടീമില്‍ തിരിച്ചെത്തിയേക്കും. പകരം ദിനേശ് കാര്‍ത്തിക്ക് പുറത്തിരിക്കേണ്ടി വരും. തുടര്‍ന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് കോലിപ്പട ഇറങ്ങുക.
കഴിഞ്ഞ മല്‍സരത്തില്‍ എട്ടു വിക്കറ്റിന്റെ തോല്‍വിയാണ് ഇന്ത്യ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു. മറുപടി ബാറ്റിങില്‍ രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 14 ഓവറില്‍ ആതിഥേയര്‍ ലക്ഷ്യം കണ്ടു. ന്യൂസിലന്റ് നിരയില്‍ ബൗളര്‍മാര്‍ ഫോമിലേക്കുയര്‍ന്നത് അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ഇന്ത്യയാവട്ടെ ബാറ്റിങിലും ബൗളിങിലും ഫോം നഷ്ടപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ മല്‍സരത്തിലെ ഓപണര്‍മാരുടെ പ്രകടനം താഴ്ന്ന നിലവാരത്തിലായിരുന്നു. ആദ്യ മൂന്ന് മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ നാലാം മല്‍സരത്തില്‍ അമിതാ ആത്മവിശ്വാസത്തിലിറങ്ങിയതാണ് തോല്‍വിക്കുകാരണം. കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇന്ത്യയ്ക്കാണ് മുന്‍തൂക്കം. ഇരുവരും 100 മല്‍സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ 54 വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ന്യൂസിലന്റില്‍ മേല്‍ക്കോയ്മ ആതിഥേയര്‍ക്കുതന്നെയാണ്. 36 മല്‍സരങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ 22 എണ്ണത്തില്‍ കിവികളും 13 എണ്ണത്തില്‍ ഇന്ത്യയും ജയിച്ചു. നാളത്തെ ന്യൂസിലന്റ് നിരയില്‍ കാര്യമായ മാറ്റമില്ല. പരിക്കിനെ തുടര്‍ന്ന് മാര്‍ട്ടിന് ഗുപ്റ്റില്‍ നാളെ കളിക്കില്ല. രാവിലെ 7.30ന് വെല്ലിങ്ടണിലാണ് മല്‍സരം. ട്വിന്റി-20 മല്‍സരങ്ങള്‍ ഈ മാസം ആറിന് തുടങ്ങും.