പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യ ഇന്ന് ഇറങ്ങും; ലക്ഷ്യം ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്
നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹാര്‍ദ്ദിക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്.
അഹ്‌മ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ പിങ്ക് ബോള്‍ ടെസ്റ്റിന് ഇന്ന് അഹ്‌മ്മദാബാദില്‍ തുടക്കം. നാല് മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമും ഓരോ മല്‍സരങ്ങള്‍ ജയിച്ച് 1-1 എന്ന നിലയിലാണ്. മൂന്നാം ടെസ്റ്റ് ജയിച്ച് ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിലേക്ക് കയറാമെന്ന ലക്ഷ്യത്തിലാണ് ടീം ഇന്ത്യ ഇറങ്ങുക. ഫൈനലില്‍ എത്താന്‍ ഇന്ത്യക്ക് ഒരു ജയവും ഒരു സമനിലയും മതി. ഇംഗ്ലണ്ടിന് തുടര്‍ന്നുള്ള രണ്ട് ടെസ്റ്റും ജയിക്കണം. പരമ്പര സമനിലയില്‍ അവസാനിക്കുന്ന പക്ഷം ഓസ്‌ട്രേലിയയാവും ന്യൂസിലാന്റിനെതിരേ ചാംപ്യന്‍ഷിപ്പില്‍ കളിക്കുക.
സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 2.30നാണ് പിങ്ക് ബോള്‍ ടെസ്റ്റിന് തുടക്കമാവുക. കഴിഞ്ഞ മല്‍സരത്തിലെ വമ്പന്‍ ജയം ടീം ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുമ്പോള്‍ വന്‍ മാറ്റങ്ങളുമായാണ് ഇംഗ്ലണ്ടും ഇറങ്ങുന്നത്. കഴിഞ്ഞ മല്‍സരങ്ങളില്‍ ഇല്ലാതിരുന്ന ജസ്പ്രീത് ബുംറ, ഹാര്‍ദ്ദിക്ക് പാണ്ഡെ എന്നിവര്‍ അന്തിമ ഇലവനില്‍ സ്ഥാനം പിടിച്ചേക്കും. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഹാര്‍ദ്ദിക്ക് ഇന്ത്യന്‍ ടീമിനൊപ്പം ചേരുന്നത്. അക്‌സര്‍ പട്ടേലിനും ഇന്ന് ടീമില്‍ സ്ഥാനം ലഭിച്ചേക്കും. എന്നാല്‍ പുതുമുഖ താരം സിറാജിന് അവസരം നഷ്ടപ്പെട്ടേക്കും. സ്പിന്‍ ബൗളിങിന് അനുകൂലമായ പിച്ചാണ് അഹ്‌മ്മദാബാദില്‍. പിങ്ക് ബോള്‍ ടെസ്റ്റ് സ്വന്തമാക്കുമെന്ന വെല്ലുവിളികള്‍ ഇംഗ്ലണ്ട് താരങ്ങളായ ബെന്‍ സ്റ്റോക്ക്‌സ്, ജോ റൂട്ട്, ജൊഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ ഇതിനോടകം നടത്തിയിട്ടുണ്ട്. എന്നാല്‍ ഇംഗ്ലണ്ടിന്റെ വീക്കനെസ് എന്താണെന്ന് ടീം ഇന്ത്യയ്ക്ക് അറിയാമെന്നും ജയം ഞങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് ഇന്ത്യന്‍ ക്യാപ്റ്റനും തിരിച്ചടിച്ചിട്ടുണ്ട്.