പാകിസ്താനെതിരേ ക്യാച്ച് കളഞ്ഞ അര്‍ഷദീപിന് പിന്തുണയുമായി താരങ്ങള്‍
നിരവധി ആരാധകര്‍ താരത്തിന് എതിരേ രംഗത്ത് വന്നിരുന്നു.
ദുബായ്; ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ നിര്‍ണ്ണായക മല്‍സരത്തില്‍ പാകിസ്താനെതിരേ ക്യാച്ച് കളഞ്ഞ അര്‍ഷദീപ് സിങിന് പിന്തുണയുമായി നിരവധി താരങ്ങള്‍ രംഗത്ത്. സഹതാരവും മുന്‍ ക്യാപ്റ്റനുമായ വിരാട് കോഹ് ലി, മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്, ബോക്‌സര്‍ വിജേന്ദ്ര സിങ് എന്നിവരെല്ലാം താരത്തിന് പിന്തുണ നല്‍കി. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാമെന്നും ആ സമയത്ത് ആരും സമ്മര്‍ദ്ധത്തിലായിരിക്കുമെന്നും കോഹ് ലി സൂചിപ്പിച്ചു. തനിക്കും ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞു.
ആരും കൃത്യമായി ക്യാച്ച് എടുക്കുന്നവരല്ലെന്നും അര്‍ഷദീപിനെ കുറ്റപ്പെടുത്തുന്നവരെ ആലോചിച്ച് നാണക്കേടാവുന്നുവെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. അര്‍ഷദീപ് സ്വര്‍ണ്ണമാണെന്നും താരത്തിനെ ഏവരും പിന്തുണയ്ക്കണമെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.
അര്‍ഷദീപ് ശക്തനായ സ്വഭാവത്തിന് ഉടമയാണെന്നും ആ താരത്തിന് ഒപ്പം നില്‍ക്കണമെന്നും മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ അറിയിച്ചു. നായ്ക്കള്‍ കുരച്ച് കൊണ്ടേയിരിക്കുമെന്നും അവരെ കാര്യമാക്കേണ്ടെന്നുമാണ് വിജേന്ദ്ര വ്യക്തമാക്കിയത്.രവി ബിഷ്‌ണോയി എറിഞ്ഞ 18ാം ഓവറില്‍ ആസിഫ് ആലിയുടെ ക്യാച്ച് പിടിക്കാന്‍ ശ്രമിച്ച അര്‍ഷദീപ് അത് മിസ്സാക്കിയിരുന്നു. ഇത് മല്‍സരത്തില്‍ ഇന്ത്യയുടെ പരാജയത്തില്‍ നിര്‍ണ്ണായകമായി. നിരവധി ആരാധകര്‍ താരത്തിന് എതിരേ രംഗത്ത് വന്നിരുന്നു.