ഒറ്റയാനായി സഞ്ജു പൊരുതി; ജയം വെട്ടിപ്പിടിച്ച് ദക്ഷിണാഫ്രിക്ക

ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരേയാണ് സഞ്ജുവിന്റെ ഇന്നിങ്‌സ് എന്നത് ശ്രദ്ധേയമാണ്.

Update: 2022-10-06 17:33 GMT


ലഖ്‌നൗ; ഒരിക്കല്‍ കൂടി ഇന്ത്യയുടെ രക്ഷകനാവാന്‍ മലയാളി വിക്കറ്റ് കീപ്പര്‍-ബാറ്റ്‌സ്മാന്‍ സഞ്ജു സാംസണ്‍ ഒരുങ്ങിയെങ്കിലും ജയം തട്ടിയെടുത്ത് ദക്ഷിണാഫ്രിക്ക . 63 പന്തില്‍ 86 റണ്‍സെടുത്ത് സഞ്ജു പുറത്താവാതെ ഇന്ത്യയുടെ വന്‍ മതിലായി നിലയുറപ്പിച്ചെങ്കിലും മറുഭാഗത്ത് പൊരുതാനാളില്ലാത ഇന്ത്യ തോല്‍വി സമ്മതിക്കുകയായിരുന്നു. ഒമ്പത് റണ്‍സിനാണ് സന്ദര്‍ശകരുടെ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലെ വിജയം. 249 റണ്‍സായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. പ്രധാനപ്പെട്ട നാല് വിക്കറ്റുകള്‍ 51 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു.

 ശിഖര്‍ ധവാന്‍ (4), ശുഭ്മാന്‍ ഗില്‍ (3), ഏകദിനത്തില്‍ ഇന്ന് അരങ്ങേറ്റം നടത്തിയ ഋതുരാജ് ഗെയ്ക്ക്‌വാദ് (19), ഇഷാന്‍ കിഷന്‍ (20) എന്നിവരുടെ വിക്കറ്റാണ് 51 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് നഷ്ടമായത്.

പിന്നീട് ശ്രേയസ് അയ്യരും സഞ്ജുവും ചേര്‍ന്ന് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുകയായിരുന്നു. 37 പന്തില്‍ 50 റണ്‍സെടുത്താണ് അയ്യര്‍ പുറത്തായത്. 31 പന്തില്‍ ശ്രാദ്ധുല്‍ ഠാക്കൂര്‍ 33 റണ്‍സെടുത്ത് സഞ്ജുവിനൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തിയിരുന്നു. എന്നാല്‍ ഠാക്കൂറിന് ശേഷം വന്നവരെ പ്രോട്ടീസ് പെട്ടെന്ന് പുറത്താക്കി ജയം കരസ്ഥമാക്കി. ട്വന്റി-20 ലോകകപ്പിനുള്ള ദക്ഷിണാഫ്രിക്കന്‍ ടീമിനെതിരേയാണ് സഞ്ജുവിന്റെ ഇന്നിങ്‌സ് എന്നത് ശ്രദ്ധേയമാണ്.


നേരത്തെ സന്ദര്‍ശകര്‍ക്കായി ക്ലാസ്സന്‍ (74*), മില്ലര്‍ (75*) എന്നിവര്‍ അര്‍ദ്ധസെഞ്ചുറി നേടി. ഡി കോക്ക് 48 റണ്‍സെടുത്തു. മഴയെ തുടര്‍ന്ന് മല്‍സരം 40 ഓവറായി ചുരുക്കിയിരുന്നു.





Tags:    

Similar News