രാജ്‌കോട്ടും ഇന്ത്യയെ തുണച്ചു; പരമ്പരയില്‍ ഒപ്പത്തിനൊപ്പം; ആവേശ് ഖാന് നാല് വിക്കറ്റ്
യുസ്‌വേന്ദ്ര ചാഹലും നിര്‍ണ്ണായകമായ രണ്ട് വിക്കറ്റ് നേടി.
രാജ്‌കോട്ട്: ആവേശ് ഖാന്റെ ക്ലാസ്സിക്ക് ബൗളിങ് മികവില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ട്വന്റിയില്‍ ഇന്ത്യയ്ക്ക് ജയം. രാജ്‌കോട്ടില്‍ 82 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ആതിഥേയര്‍ നേടിയത്. ജയത്തോടെ പരമ്പര 2-2 ന് സമനിലയിലായി. അവസാന മല്‍സരം ബെംഗളൂരുവിലാണ്.
170 റണ്‍സായിരുന്നു സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇന്ത്യ വച്ച ലക്ഷ്യം. 16.5 ഓവറില്‍ 87 റണ്‍സിന് ഇന്ത്യ ദക്ഷിണാഫ്രിക്കയെ ചുരുട്ടികെട്ടി. നാലോവറില്‍ 18 റണ്‍സ് വിട്ടുകൊടുത്താണ് ആവേശ് ഖാന് നാല് വിക്കറ്റ് നേടിയത്.യുസ്‌വേന്ദ്ര ചാഹലും നിര്‍ണ്ണായകമായ രണ്ട് വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 169 റണ്‍സെടുത്തു. ദിനേശ് കാര്‍ത്തിക്ക് 27 പന്തില്‍ 55 റണ്‍സെടുത്തു. ട്വന്റിയിലെ താരത്തിന്റെ ആദ്യ അര്‍ദ്ധസെഞ്ചുറിയാണ്.വൈസ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡെ 31 പന്തില്‍ 46 റണ്‍സും നേടി. ഇരുവരുടെയും ബാറ്റിങാണ് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. ആറ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഇഷാന്‍ കിഷന്‍ 27ഉം ഋഷഭ് പന്ത് 17ഉം റണ്‍സെടുത്ത് പുറത്തായി. ഋതുരാജ്(5), ശ്രേയസ് അയ്യര്‍(4) എന്നിവര്‍ക്കും കാര്യമായ പ്രകടനം നടത്താനായില്ല.