ട്വന്റിയിലെ ഇന്ത്യന്‍ കുതിപ്പിന് ബ്ലോക്ക്; റെക്കോഡ് റണ്‍സ് പിന്‍തുടര്‍ന്ന് പ്രോട്ടീസ്
ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ താരമായ ഡേവിഡ് മില്ലര്‍ 31 പന്തിലാണ് വെടിക്കെട്ട് നടത്തിയത്.
ഡല്‍ഹി: ട്വന്റി-20യിലെ ഇന്ത്യയുടെ അപരാജിത കുതിപ്പിന് ദക്ഷിണാഫ്രിക്കയുടെ ബ്ലോക്ക്. ഇന്ന് ഡല്‍ഹിയില്‍ നടന്ന ആദ്യ ട്വന്റിയില്‍ ഏഴ് വിക്കറ്റിന്റെ ജയം നേടി പരമ്പരയില്‍ സന്ദര്‍ശകര്‍ മുന്നിലെത്തി. ക്യാപ്റ്റനായുള്ള ഋഷഭ് പന്തിന്റെ ഹോം ഗ്രൗണ്ടിലെ അരങ്ങേറ്റ മല്‍സരം തോല്‍വിയില്‍ കലാശിച്ചു. ട്വന്റി ക്രിക്കറ്റ് ചരിത്രത്തിലെ ദക്ഷിണാഫ്രിക്കയുടെ ഉയര്‍ന്ന റണ്‍ ചേസ്സിങാണ് ഡല്‍ഹിയില്‍ നടന്നത്.
212 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അഞ്ച് പന്ത് ശേഷിക്കെ ദക്ഷിണാഫ്രിക്ക പിന്തുടര്‍ന്നു. ഓപ്പണേഴ്സ് തകര്‍ന്നപ്പോള്‍ വാന്‍ ഡെര്‍ ഡുസ്സനും (75*), ഡേവിഡ് മില്ലറും (64) തകര്‍ത്തടിച്ച് പ്രോട്ടീസിന് ജയമൊരുക്കുകയായിരുന്നു. 46 പന്തിലാണ് ഡുസ്സന്റെ ഇന്നിങ്സ്. ഗുജറാത്ത് ടൈറ്റന്‍സിന്റെ സൂപ്പര്‍ താരമായ ഡേവിഡ് മില്ലര്‍ 31 പന്തിലാണ് വെടിക്കെട്ട് നടത്തിയത്.
നേരത്തെ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 211 റണ്‍സെടുത്തു.ടോസ് നേടിയ സന്ദര്‍ശകര്‍ ഇന്ത്യയെ ബാറ്റിങിനയക്കുകയായിരുന്നു. 48 പന്തില്‍ 76 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ഇന്ന് ആതിഥേയര്‍ക്കായി തിളങ്ങിയത്. ശ്രേയസ് അയ്യര്‍(36), ഹാര്‍ദ്ദിക് പാണ്ഡെ(12 പന്തില്‍ 31), ഋഷഭ് പന്ത്(29), ഋതുരാജ് ഗെയ്ക്ക്വാദ് (23) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി.