ക്യാപ്റ്റനായി ധവാന്‍ ഇറങ്ങുന്നു; കാത്തിരിക്കുന്നത് നിരവധി റെക്കോഡുകള്‍
35 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നേട്ടവും ധവാന്‍ തന്റെ അക്കൗണ്ടിലാക്കും.
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ന് തുടക്കമാവുമ്പോള്‍ ആദ്യമായി ക്യാപ്റ്റനായി ഇറങ്ങുന്ന ശിഖര്‍ ധവാനെ കാത്തിരിക്കുന്നത് നിരവധി റെക്കോഡുകള്‍.ഇന്ത്യയുടെ പ്രായം കൂടിയ ഏകദിന ക്യാപ്റ്റനായി അരങ്ങേറുന്ന താരമെന്ന റെക്കോഡാണ് ധവാന് ഇന്ന് സ്വന്തമാവുന്നത്. 35 വയസ്സും 225 ദിവസവുമാണ് ക്യാപ്റ്റന്റെ പ്രായം. ഇന്ത്യയെ ഏകദിനത്തില്‍ നയിക്കുന്ന 25ാമത്തെ ക്യാപ്റ്റനാണ് ധവാന്‍.
23 റണ്‍സ് കൂടി നേടിയാല്‍ ഏകദിനത്തില്‍ 6,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ധവാന് കരസ്ഥമാവും. ഈ നേട്ടം സ്വന്തമാക്കുന്ന പത്താമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനായിരിക്കും ധവാന്‍. വിരാട് കോഹ്‌ലിക്ക് ശേഷം ഏറ്റവും കുറവ് മല്‍സരങ്ങളില്‍ 6,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ധവാന്റെ പേരിലാവും. മറ്റൊരു റെക്കോഡും താരത്തിനായി കാത്തിരിക്കുന്നുണ്ട്. ലങ്കയ്‌ക്കെതിരേ 1000 റണ്‍സ് എന്ന കടമ്പ കടക്കാന്‍ 17 റണ്‍സ് കൂടി ചേര്‍ത്താല്‍ മതി. ഈ നേട്ടം സ്വന്തമാക്കുന്ന 12ാമത്തെ ഇന്ത്യന്‍ താരമാവും ധവാന്‍. 35 റണ്‍സ് കൂടി നേടിയാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് എന്ന നേട്ടവും ധവാന്‍ തന്റെ അക്കൗണ്ടിലാക്കും. ഈ നേട്ടം കൈവരിക്കുന്ന 14ാമത്തെ ഇന്ത്യന്‍ താരമായിരിക്കും.