പൊരുതി വീണ് കരീബിയന്‍സ്; അവസാന പന്തില്‍ ഇന്ത്യ ജയം പിടിച്ചെടുത്തു

ഇന്ത്യയ്ക്കായി സിറാജ്, ശ്രാദ്ധുല്‍ ഠാക്കൂര്‍, ചാഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Update: 2022-07-23 02:25 GMT


പോര്‍ട്ട് ഓഫ് സ്‌പെയിന്‍; ഇന്ത്യയെ അവസാനം വരെ ഞെട്ടിച്ച് ഒടുവില്‍ തോല്‍വി വഴങ്ങി വെസ്റ്റ്ഇന്‍ഡീസ്. ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് വിന്‍ഡീസ് ചെറുത്ത് നില്‍പ്പ്. തുടര്‍ന്ന് അവസാന പന്തില്‍ ഇന്ത്യ മൂന്ന് റണ്‍സിന് ജയിക്കുകയായിരുന്നു.308 എന്ന കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ വിന്‍ഡീസിന് ആദ്യ വിക്കറ്റ് സ്‌കോര്‍ 16ല്‍ എത്തി നില്‍ക്കുമ്പോള്‍ നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്നാണ് മേയേഴ്‌സ് (75), ബ്രൂക്‌സ്(46), കിങ്(54) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്ത് ആതിഥേയര്‍ക്ക് പ്രതീക്ഷ നല്‍കിയത്.ഇവര്‍ പുറത്തായതിന് ശേഷമെത്തിയ ഹൊസൈയ്ന്‍(32), ഷെപ്പേര്‍ഡ്(39) എന്നിവര്‍ പുറത്താവാതെ നിന്ന് മികച്ച ബാറ്റിങും കാഴ്ചവെച്ചു.മൂന്ന് റണ്‍സിനാണ് ഇന്ത്യന്‍ ജയം. ഇന്ത്യയ്ക്കായി സിറാജ്, ശ്രാദ്ധുല്‍ ഠാക്കൂര്‍, ചാഹല്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.


ക്വീന്‍സ് പാര്‍ക്കില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 308 റണ്‍സെടുത്തു. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. 99 പന്തില്‍ 97 റണ്‍സുമായാണ് ക്യാപ്റ്റന്‍ ധവാന്‍ വെടിക്കെട്ട് നടത്തിയത്. ഇന്ത്യയ്ക്കായി അര്‍ദ്ധസെഞ്ചുറി(97) നേടുന്ന പ്രായം കൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോഡും 36കാരനായ ധവാന്‍ തന്റെ പേരില്‍ കുറിച്ചു. ധവാനൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ ശുഭ്മാന്‍ ഗില്‍ 53 പന്തില്‍ 64 റണ്‍സെടുത്തു. പിന്നീട് ഗില്ലിന് ശേഷമെത്തിയ ശ്രേയസ് അയ്യരും ഒട്ടും മോശമാക്കിയില്ല. 57 പന്തിലാണ് അയ്യര്‍ 54 റണ്‍സെടുത്തത്. മലയാളി താരം സഞ്ജു സാംസണ് കിട്ടിയ അവസരം ഇന്ന് മുതലാക്കാനായില്ല. 12 റണ്‍സെടുത്ത് താരം പുറത്തായി. സൂര്യകുമാര്‍ യാദവ്(13) പെട്ടെന്ന് പുറത്തായി. ദീപക് ഹൂഡ ആറാമതായിറങ്ങി 27 റണ്‍സെടുത്തപ്പോള്‍ അക്സര്‍ പട്ടേല്‍ 21 റണ്‍സുമായും തിളങ്ങി.







Tags:    

Similar News