ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യക്ക് വിജയം. ഇതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ബോളിങിന് അനുകൂലമെന്ന് വിധി എഴുതിയ പിച്ചില്‍ 195 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്.
195 എന്ന ഇന്ത്യന്‍ റണ്‍സിനൊപ്പമെത്താന്‍ വിന്‍ഡീസ് നന്നേ കഷ്ടപ്പെട്ടു. 124 റണ്‍സിന് 9 വിക്കറ്റ് നഷ്ടപെട്ടാണ് വിന്‍ഡീസ് പോരാട്ടം അവസാനിപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്ത ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സാണ് എടുത്തത്.
43 റണ്‍സ് നേടിയ ധവാനും 5 റണ്‍സെടുത്ത ഋഷഭ് പന്തുമാണ് പുറത്തായത്. ഓപ്പണിങ് വിക്കറ്റില്‍ ശിഖര്‍ ധവാനൊപ്പം സെഞ്ചുറി കൂട്ടുകെട്ട് (123) തീര്‍ത്ത് ഇന്നിങ്‌സിന് അടിത്തറയിട്ട രോഹിത്, പിരിയാത്ത മൂന്നാം വിക്കറ്റില്‍ ലോകേഷ് രാഹുലിനൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടും (62) തീര്‍ത്താണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ ഉറപ്പാക്കിയത്. ശിഖര്‍ ധവാന്‍ 41 പന്തില്‍ മൂന്നു ബൗണ്ടറികള്‍ സഹിതം 43 റണ്‍സെടുത്തു പുറത്തായി. ആറു പന്തില്‍ ഒരു ബൗണ്ടറി സഹിതം അഞ്ചു റണ്‍സെടുത്ത ഋഷഭ് പന്താണ് ഇന്ത്യന്‍ നിരയില്‍ പുറത്തായ രണ്ടാമന്‍. വിന്‍ഡീസിനായി ഖാരി പിയറി, ഫാബിയന്‍ അലന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങിയ ഒഷേന്‍ തോമസ് ഒഴികെ വിന്‍ഡീസ് ബോളിങ് നിരയിലെ എല്ലാവരും കാര്യമായി തല്ല് വാങ്ങി കൂട്ടി. വിന്‍ഡീസ് ബാറ്റിങില്‍ കാര്യമായ റണ്‍സൊന്നും അടിച്ചുകൂട്ടാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞില്ല. ഏഴു റണ്‍സിലാണ് വിന്‍ഡീസിന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. ബ്രാവോ ദറാണ് മികച്ച സ്‌കോര്‍ നേടിയത് 18 ബോളില്‍ 23 റണ്‍സ്. നാട്ടില്‍ ടി20 പരമ്പര കിരീടവും ചൂടി ഇന്ത്യക്കിനി ആസ്‌ത്രേലിയക്കെതിരേ പാഡണിയാം.
കോഹ്‌ലിയെ മറികടന്ന് രോഹിതിന് ലോക റെക്കോഡ്
ലഖ്‌നൗ: ട്വന്റി20യില്‍ ലോകറെക്കോഡിട്ട് രോഹിത് ശര്‍മ. ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത് സ്വന്തമാക്കിയത്. നാലാംസെഞ്ചുറി സ്വന്തമാക്കിയ രോഹിത് ശര്‍മ 50 മുകളില്‍ ഏറ്റവും കൂടുതല്‍ സ്‌കോര്‍ ചെയ്ത താരമെന്ന നേട്ടവും സ്വന്തമാക്കി. പുറത്താവാതെ 111 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. വ്യക്തിഗത സ്‌കോര്‍ 111ല്‍ നില്‍ക്കെ രാജ്യാന്തര ട്വന്റി20യില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡ് രോഹിത് സ്വന്തമാക്കിയത്. 62 രാജ്യാന്തര ട്വന്റി20 മല്‍സരങ്ങളില്‍നിന്ന് 48.88 റണ്‍സ് ശരാശരിയില്‍ 2102 റണ്‍സ് നേടിയ വിരാട് കോഹ്‌ലിയുടെ റെക്കോഡാണ് 86ാം മല്‍സരത്തില്‍ രോഹിത് മറികടന്നത്.