ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി-20: രണ്ടാം മത്സരം നാളെ, ടീമുകള്‍ ഇന്നെത്തും
ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകീട്ട് 5.45 ഓടെ ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും.
തിരുവനന്തപുരം: നാളെ നടക്കുന്ന ഇന്ത്യ- വെസ്റ്റിന്‍ഡീസ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരുടീമുകളും ഇന്ന് തലസ്ഥാനത്തെത്തും. ഹൈദരാബാദില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ വൈകീട്ട് 5.45 ഓടെ ടീമുകള്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തും. ടീമുകളെ കെ.സി.എ ഒഫീഷ്യല്‍സും ക്രിക്കറ്റ് ഫാന്‍സും ചേര്‍ന്ന് സ്വീകരിക്കും. അവിടെ നിന്ന് ഇരു ടീമുകളും പ്രത്യേകം ബസുകളില്‍ ഹോട്ടല്‍ ലീലയിലേക്ക് പോകും.
ഇരു ടീമുകള്‍ക്കും പരിശീലന സെഷനുകള്‍ ഉണ്ടായിരിക്കുന്നതല്ല. മത്സരത്തിനായി കാണികള്‍ക്ക് വൈകിട്ട് നാല് മുതല്‍ പ്രധാന കവാടം വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. ടിക്കറ്റ് ബുക്ക് ചെയ്ത തിരിച്ചറിയല്‍ കാര്‍ഡും മത്സരം കാണാനെത്തുന്നവരുടെ തിരിച്ചറിയല്‍ കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കണം. ഇവിടെനിന്ന് മൂന്ന് സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം അനുവദിക്കപ്പെട്ടിരിക്കുന്ന ഗേറ്റുകള്‍ വഴി സ്റ്റേഡിയത്തില്‍ പ്രവേശിക്കാം. കാണികളുടെ തിരക്ക് പരിഗണിച്ച് നേരത്തേ പ്രവേശനം അനുവദിക്കുന്നത് പരിഗണിക്കും.
സ്‌റ്റേഡിയത്തിലെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. ലൈറ്റുകള്‍ ടെസ്റ്റ് ചെയ്ത് കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. മത്സരത്തിനായി രണ്ട് പിച്ചുകളും നാല് പ്രാക്ടീസ് പിച്ചുകളും ഒരുക്കിയിട്ടുണ്ട്. ഇന്ത്യ എ - ദക്ഷിണാഫ്രിക്ക എ പരമ്പരയില്‍ സഞ്ജു സാംസണ്‍ തിളങ്ങിയ പിച്ചാണ് മത്സരത്തിനായി സജ്ജമാക്കിയിരിക്കുന്നതെന്ന് ക്യൂറേറ്റര്‍ ബിജു അറിയിച്ചു. തിരുവനന്തപുരം കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് ഒരുക്കങ്ങള്‍ വിലയിരുത്തി. മത്സരത്തിന്റെ ക്രമീകരണങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. മത്സരത്തിന്റെ സുരക്ഷാ ഗതാഗത ചുമതലയ്ക്കായി സിറ്റി പൊലിസ് കമ്മീഷണര്‍ എം ആര്‍ അജിത്ത് കുമാറിന്റെ നേതൃത്വത്തില്‍ 1000 പോലിസുകാരെ നിയോഗിച്ചിട്ടുണ്ട്. മത്സരത്തിന്റെ 94 ശതമാനം ടിക്കറ്റുകളും വിറ്റുപോയി. ഇന്ന് വൈകിട്ട് വരെ
കെസിഎ വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്ക് വഴിയും പേടിഎം ആപ്പ്, പേടിഎം ഇന്‍സൈഡര്‍, പേടിഎം വെബ്‌സൈറ്റ് എന്നിവ വഴിയും ടിക്കറ്റുകള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം.
ടീം ഇന്ത്യ: വീരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ (വൈസ് ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍, ശ്രേയസ് അയ്യര്‍, ശിവം ദുബേ, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, മനീഷ് പാണ്ഡേ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദീപക് ചാഹര്‍, യുസ്വേന്ദ്ര ചഹല്‍.