ഐപിഎല്‍; സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് തീപ്പാറും പോരാട്ടങ്ങള്‍
രാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ ആവേശം പൊടിപൊടിക്കും.
ദുബയ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രണ്ട് വമ്പന്‍ പോരാട്ടങ്ങളാണ് നടക്കുന്നത്. ഉച്ചയ്ക്ക് 3.30ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ വന്‍ ഫോമിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സും കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്‌സുമാണ് ഏറ്റുമുട്ടുന്നത്. ആര്‍സിബിയെയും മുംബൈ ഇന്ത്യന്‍സിനെയും വീഴ്ത്തിയാണ് ചെന്നൈ മക്കളുടെ വരവ്. ലീഗില്‍ അവര്‍ രണ്ടാമത് നില്‍ക്കുന്നു. നാലാം സ്ഥാനത്ത് നില്‍ക്കുന്ന കൊല്‍ക്കത്ത രണ്ടാം പാദത്തില്‍ അതിശക്തരായാണ് വരുന്നത്. ആദ്യ മല്‍സരത്തില്‍ മുംബൈയെയും രണ്ടാം മല്‍സരത്തില്‍ ബാംഗ്ലൂരിനെയും പരാജയപ്പെടുത്തിയാണ് അവരുടെ വരവ്. തുല്യ ശക്തികളുടെ പോരാട്ടം എന്ന് വിശേഷിപ്പിക്കാമെങ്കിലും അല്‍പ്പം മുന്‍തൂക്കം കൊല്‍ക്കത്തയ്ക്ക് തന്നെയാണ്. അനായാസമായിരുന്നു അവരുടെ രണ്ട് ജയങ്ങളും.
രാത്രി 7.30ന് നടക്കുന്ന മല്‍സരത്തില്‍ ആവേശം പൊടിപൊടിക്കും. കോഹ്‌ലിയും രോഹിത്ത് ശര്‍മ്മയും നേര്‍ക്കുനേര്‍ വരുന്ന മല്‍സരം തീപ്പാറുമെന്നുറപ്പ്. ഇരുടീമിനും നിലനില്‍പ്പിനുള്ള പോരാട്ടമാണ്. രണ്ട് പേരും കഴിഞ്ഞ രണ്ട് മല്‍സരങ്ങളില്‍ പരാജയപ്പെട്ടാണ് വരുന്നത്. ലീഗില്‍ ആദ്യപാദത്തിലെ മുന്നേറ്റത്തിലാണ് ആര്‍സിബി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മുംബൈയാവട്ടെ ലീഗില്‍ ആറാം സ്ഥാനത്തുമാണ്. ഇന്ത്യന്‍ ടീമിലെ കാണാമറയത്തെ ചിരവൈരികളായ രോഹിത്തിനും കോഹ്‌ലിക്കും ഇന്ന് അഭിമാനപോരാട്ടം കൂടിയാണ്.